കാസർകോട് - പൊതുമേഖലാ സ്ഥാപനമായ കാസർകോട് ഭെൽ-ഇ.എം.എൽ കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് ആശങ്കയിൽ കഴിഞ്ഞിരുന്ന ജീവനക്കാർക്കുള്ള ഓണസമ്മാനമായി. 35 കോടി ബാധ്യതയും ജീവനക്കാരുടെ വേതനം കുടിശ്ശികയായി 12 കോടിയുമുള്ള കാസർകോട് ജില്ലയിലെ ഏക പൊതുമേഖലാ സ്ഥാപനം ഒരു രൂപ നിശ്ചയിച്ചാണ് വീണ്ടും സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നത്.
ഏറെ സന്തോഷമെന്നാണ് ജീവനക്കാർ ഈ തീരുമാനത്തോട് പ്രതികരിച്ചത്. 2011 മാർച്ച് 28 നാണ് കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിന് (കെൽ) നവരത്ന കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ഭെൽ) ഏറ്റെടുത്തത്. കമ്പനി ഏറ്റെടുത്ത് എട്ട് വർഷമായിട്ടും സ്ഥാപനത്തിന് കാര്യമായ പുരോഗതിയൊന്നും ഉണ്ടാക്കാനായില്ല. ഫണ്ട് അനുവദിക്കാനോ ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനോ തയാറാകാതെ സ്ഥാപനത്തെ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ് ഭെൽ ചെയ്തത്. തുടർന്ന് 2017 ജൂണിലാണ് ഓഹരികൾ പിരിഞ്ഞ് കമ്പനികൾ വേർപെടുത്താൻ കേന്ദ്രം തീരുമാനിച്ചത്. അന്തർദേശീയ തലത്തിൽ കെല്ലിലെ ഉൽപന്നങ്ങൾക്ക് കൂടുതൽ മാർക്കറ്റുണ്ടായതിനെ തുടർന്നാണ് 2011 മാർച്ച് 28 ന് കാസർകോട് യൂനിറ്റിനെ ഭെൽ-ഇഎംഎൽ സംയുക്ത സംരംഭമാക്കിയത്. ഭെല്ലിന് 51 ശതമാനം ഓഹരികളും കേരള സർക്കാരിന് 49 ശതമാനം ഓഹരികളുമാണ് ഉണ്ടായിരുന്നത്. എന്നാൽ സംയുക്ത സംരംഭത്തിൽ നിന്ന് ഭെൽ പിന്മാറാനും ഓഹരികൾ വിൽക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് ഓഹരികൾ വാങ്ങി കമ്പനി മുന്നോട്ടു കൊണ്ടുപോകാൻ സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചത്.1989 ലാണ് മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ബെദ്രഡുക്കയിൽ കെല്ലിന് തറക്കല്ലിട്ടത്. തുടർന്നു കെ ആർ ഗൗരിയമ്മ വ്യവസായ മന്ത്രിയായിരിക്കെ1990ൽ മുഖ്യമന്ത്രി ഇ കെ നായനാരാണ് കെൽ ഫാക്ടറി ഉദ്ഘാടനം ചെയ്തത്. 12 ഏക്കർ സ്ഥലത്ത് വിശാലമായ കെട്ടിടവും ആധുനിക യന്ത്ര സാമഗ്രികളും സ്ഥാനത്തിനുണ്ട്. ഇപ്പോൾ നൂറുകോടിയോളം രൂപയുടെ ആസ്തിയുണ്ടെങ്കിലും ഭെല്ലിന് കൈമാറുമ്പോൾ വെറും 10.30 കോടി രൂപയാണ് ആസ്തി കണക്കാക്കിയത്.177 പേരാണ് ഇവിടെ ജീവനക്കാരായുള്ളത്.
മുൻകാലങ്ങളിൽ 101 കോടി രൂപ വരെ അറ്റാദായവും 4.5 കോടി രൂപ വരെ ലാഭവുമുണ്ടാക്കി കൊടുത്ത സ്ഥാപനമാണ് കെൽ. റെയിൽവേയുടെ ആവശ്യത്തിനായുള്ള ആൾട്ടർനേറ്റർ ആണ് കമ്പനി ഉൽപാദിപ്പിച്ചു വന്നിരുന്നത്.