റിയാദ് - മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് മുഹമ്മദ് മുർസിയുടെ പുത്രൻ അബ്ദുല്ല മുഹമ്മദ് മുർസി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അൽജീസയിലെ ആശുപത്രിയിൽ ബുധനാഴ്ച രാത്രിയാണ് മരണം. കയ്‌റോയിലെ റോഡിലൂടെ കാറോടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യവും ഹൃദയാഘാതവും നേരിട്ട 26 കാരനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജീവൻ രക്ഷിക്കുന്നതിന് ഡോക്ടർമാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. പിതാവ് മരണപ്പെട്ട് മൂന്നു മാസത്തിനുള്ളിലാണ് മുഹമ്മദ് മുർസിയുടെ ഏറ്റവും ഇളയ മകനായ അബ്ദുല്ലയും ഇഹലോകവാസം വെടിഞ്ഞത്.
ഖത്തറുമായും ഹമാസുമായും ചേർന്ന് ഗൂഢാലോചന നടത്തിയ കേസിൽ കോടതിയിൽ വിചാരണക്ക് ഹാജരായപ്പോഴാണ് മുഹമ്മദ് മുർസി കുഴഞ്ഞുവീണ് മരിച്ചത്.
ഹൃദയാഘാതമാണ് മുഹമ്മദ് മുർസിയുടെ മരണത്തിനും കാരണമായി ഈജിപ്ഷ്യൻ അധികൃതർ പറഞ്ഞിരുന്നത്. 2012 വേനൽക്കാലത്ത് നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് മുഹമ്മദ് മുർസി ഈജിപ്ഷ്യൻ പ്രസിഡന്റ് പദവിയിലെത്തിയത്. ജനകീയ വിപ്ലവത്തെ തുടർന്ന് 2013 ജൂലൈ ആദ്യത്തിൽ മുഹമ്മദ് മുർസിയെ സൈന്യം അധികാര ഭ്രഷ്ടനാക്കുകയായിരുന്നു.