കോഴിക്കോട്- ബി.ജെ.പി മുസ്ലിംകളുടെ നിത്യശത്രുവല്ലെന്നും അങ്ങിനെ ആരും കാണുന്നില്ലെന്നും സമസ്ത നേതാവ് മുക്കം ഉമർ ഫൈസി. നല്ല ഭരണം കാഴ്ചവെച്ചാൽ ബി.ജെ.പിക്ക് എന്താണ് കുഴപ്പമെന്നും അതിനെ മുസ്ലിംകൾ സ്വാഗതം ചെയ്യുമെന്നും ഉമർ ഫൈസി പറഞ്ഞു. എന്നാൽ അത്തരം ഒരു ബുദ്ധി ബി.ജെ.പിക്ക് വരുന്നില്ല. ഈയിടെ ബി.ജെ.പി സർക്കാർ ചെയ്ത പല പരിപാടികളും മുസ്ലിംകളെയും മതേതര വിശ്വാസികളെയും സങ്കടപ്പെടുത്തുന്നതാണ്. ആ നിലപാട് മാറ്റിയാൽ ബി.ജെ.പിയോടുള്ള അസുഖം മാറും.
നിലവിൽ കേരള ഗവർണറായി ഒരു മുസ്്‌ലിമിനെ നിയോഗിച്ചത് നല്ല കാര്യമാണ്. ഇസ്ലാമിനെ പറ്റി അധികം പഠിക്കാത്ത വ്യക്തിയാണ് അദ്ദേഹം. കേരളത്തിൽ പ്രവർത്തിക്കുമ്പോൾ മുസ്ലിംകളെ പറ്റി മനസിലാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും ഉത്തരേന്ത്യൻ മുസ്്‌ലിംകളെ പോലെയല്ല കേരളത്തിലേതെന്ന് അദ്ദേഹത്തിന് മനസിലാകുമെന്നും ഉമർ ഫൈസി പറഞ്ഞു. യു.പിയിൽനിന്ന് ഇസ്്‌ലാമിക വിരുദ്ധമായ പലതും മനസിലാക്കിയ അദ്ദേഹത്തിന് കേരളത്തിൽനിന്ന് ശരിയായ മുസ്ലിംകളെ കാണാൻ അദ്ദേഹത്തിന് കഴിയുമെന്നും ഉമർ ഫൈസി പ്രത്യാശിച്ചു. ആരോടും അരോചകമില്ല. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ സമയത്ത് നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിയായിരുന്നു. ഷാബാനു കേസിൽ സുപ്രീം കോടതി വിധിക്കെതിരെ പാസാക്കിയ മുസ്ലിം വ്യക്തിനിയമ പരിരക്ഷ ബില്ലിൽ പ്രതിഷേധിച്ചാണ് ആരിഫ് ഖാൻ രാജിവെച്ചത്. മുത്തലാഖ് ബില്ലിലും അദ്ദേഹം ഇസ്ലാമിക വിരുദ്ധ ചേരിയിലായിരുന്നു. എന്നാൽ അതൊന്നും പ്രശ്‌നമില്ലെന്നും ഇസ്ലാം എന്താണെന്ന് മനസിലാക്കുന്നതിലൂടെ അദ്ദേഹം നിലപാട് മാറ്റുമെന്നും ഉമർ ഫൈസി വ്യക്തമാക്കി. അസമിലെ പൗരത്വപ്രശ്‌നം, മുത്തലാഖ് തുടങ്ങി രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് തകർച്ചയുണ്ടാക്കുന്ന ബില്ലാണ് ബി.ജെ.പി പാസാക്കുന്നത്. വന്യജീവികളോടുള്ള സമീപനം പോലും ബി.ജെ.പി മനുഷ്യരോട് കാണിക്കുന്നില്ല. കരിനിയമങ്ങൾ മുസ്ലിംകളെ ലക്ഷ്യമിട്ടാണ് കൊണ്ടുവന്നത്. ഇത്തരം നിയമങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യവിശ്വാസികൾ രംഗത്തുവരണം. കോൺഗ്രസ് ഇക്കാര്യത്തിൽ ഉണർന്നുപ്രവർത്തിക്കണമെന്നും ഉമർ ഫൈസി വ്യക്തമാക്കി.