കോട്ടയ്ക്കല്‍- കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ മണ്ണിടിച്ചിലും കേരളത്തില്‍ രണ്ടുവര്‍ഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും പൂര്‍ണമായും മനുഷ്യനിര്‍മിതമാണെന്ന് പറയാനാവില്ലെങ്കിലും മനുഷ്യ നിര്‍മിത ഘടകങ്ങളും അവഗണിക്കാനാവില്ലെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തങ്ങള്‍ക്കു പിന്നില്‍ വളരെ സങ്കീര്‍ണങ്ങളായ കാരണങ്ങളുണ്ട്. പ്രത്യേക കാരണം പറയാനാവില്ല. തീര്‍ച്ചയായും മനുഷ്യനിര്‍മിതമായ ഘടകങ്ങളും ഇതിനു കാരണമായി മാറിയിട്ടുണ്ട് - അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായി നിര്‍മിച്ച റോഡുകളും കെട്ടിടങ്ങളും വലിയ യന്ത്രങ്ങളുപയോഗിച്ച് ഭൂമി നിരപ്പാക്കുന്നതുമൊക്കെ ദുരന്തത്തിനു കാരണങ്ങളാണ്. കേരളത്തില്‍ കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങളെ ക്വാറികളുടെ നടത്തിപ്പ് ഏല്‍പിക്കാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തോട് കൂടുതല്‍ ഉത്തരവാദിത്തം ഇവര്‍ക്കുണ്ടാവും. ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവിട്ടാല്‍ മണ്ണിടിച്ചിലിനും മറ്റും കാരണമാവും. ക്വാറികള്‍ പരിധി വിടുന്നുണ്ടോയെന്ന കാര്യം ജനങ്ങള്‍ വിലയിരുത്തുകയും ഇടപെടുകയും വേണം.
പശ്ചിമഘട്ട മലനിരകളിലെ പ്രകൃതിലോല മേഖലകളില്‍ തങ്ങള്‍ മുന്നോട്ടുവെച്ച റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനജീവിതം ദുസ്സഹമാവുമെന്നത് തെറ്റിദ്ധാരണയാണ്. ആദ്യം റിപ്പോര്‍ട്ടിന്റെ മലയാളപരിഭാഷ പശ്ചിമഘട്ട മലനിരകളിലെ എല്ലാ പഞ്ചായത്തുകളിലും എത്തിക്കണം. പിന്നീട് ജനങ്ങള്‍ ഇടപെട്ട് അവരുടെ അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചാല്‍ മതിയാകും. സ്വീകരിക്കേണ്ടത് സ്വീകരിച്ച് ബാക്കിയുള്ളവ അവഗണിക്കാം. എല്ലാം അതേപടി സ്വീകരിക്കേണ്ട കാര്യമില്ല- ഗാഡ്ഗില്‍ പറഞ്ഞു.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാരിയരെ ഗാഡ്ഗില്‍ സന്ദര്‍ശിച്ചു. ആര്യവൈദ്യശാലയെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടെന്നും ഡോ. വാരിയരെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആര്യവൈദ്യശാലയുടെ വിവിധ വിഭാഗങ്ങള്‍ ഡോ. ഗാഡ്ഗില്‍ സന്ദര്‍ശിച്ചു.
ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍, ജനറല്‍ മാനേജര്‍ ശുഭലക്ഷ്മീ നാരായണന്‍, ജോയിന്റ് ജനറല്‍ മാനേജര്‍മാരായ പി. രാജേന്ദ്രന്‍, യു. പ്രദീപ് വാരിയര്‍, ഡോ. സുനില്‍കുമാര്‍, ഡോ. ടി.എസ്. മുരളീധരന്‍, ഡോ. ടി.എസ്. മാധവന്‍കുട്ടി, ഡോ. ദേവീകൃഷ്ണന്‍, ഡോ. ഇന്ദിരാ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.