പാലക്കാട് - തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടിയതോടെ പിണറായി സർക്കാറിന്റെ ഭരണത്തെക്കുറിച്ച് ജനം വിലയിരുത്തി കഴിഞ്ഞുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.
വി.എസ്.വിജയരാഘവന്റെ രാഷ്ട്രീയ സാമൂഹ്യ ജീവിതത്തിന്റെ വജ്രജൂബിലി ആഘോഷവും പാലക്കാടിന്റെ സ്വന്തം വി.എസ് - പുസ്തക പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ ഉദ്ദേശിക്കുന്നില്ല.
പാലായിലും വട്ടിയൂർക്കാവിലും മാത്രമല്ല വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിക്കുമെന്നതിനാൽ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യം ഉന്നയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ യു.ഡി.എഫ് സംസ്ഥാനത്ത് മുല്ലപ്പള്ളിയുടെയും രമേശ് ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും കൈകളിൽ സുരക്ഷിതമാണെന്നു തെളിയിച്ചിരിക്കുകയാണ്. ഇത്തരമൊരു പശ്ചാത്തലത്തിൽ കേരള രാഷ്ട്രീയത്തിലേക്ക് ഇനി മടങ്ങി വരാൻ ഉദ്ദേശിക്കുന്നില്ല. ഒരാളുടെ കൈയിൽ അധികാരം ഏൽപിച്ചാൽ പിന്നെ ഇടപെടുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്നും എ.കെ. ആന്റണി അഭിപ്രായപ്പെട്ടു.
സമ്പദ്ഘടന തകർന്നത് മൂലം നമ്മുടെ രാജ്യം അഗ്‌നിപർവതത്തിന്റെ നടുവിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലുമാണ്.
സാമ്പത്തിക വിഗ്ദധനും കോൺഗ്രസ് മുതിർന്ന നേതാവുമായ മൻമോഹൻ സിംഗിന്റെ ഉപദേശം കേട്ടാൽ മാത്രമേ ഇത്തരം വിനാശത്തിൽ നിന്ന് രക്ഷയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. മഹാരാഷ്ട്ര മുൻ ഗവർണർ കെ.ശങ്കരനാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത പുസ്തകം പരിചയപ്പെടുത്തി. വി.കെ. ശ്രീകണ്ഠൻ എം.പി, രമ്യ ഹരിദാസ് എം.പി, ഷാഫി പറമ്പിൽ എം.എൽ.എ, എ.വി. ഗോപിനാഥൻ, സി.വി. ബാലചന്ദ്രൻ, സി.ചന്ദ്രൻ, പി.ജെ.പൗലോസ്, വി.സി. കബീർ, കെ.എ. ചന്ദ്രൻ, സി.പി. മുഹമ്മദ്, കെ.അച്ചുതൻ, കെ.എ. തുളസി, എ.രാമസ്വാമി പങ്കെടുത്തു. വി.എസ്. വിജയരാഘവൻ മറുപടി പ്രസംഗം നടത്തി.