ജിദ്ദ -സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) പിന്തുടരുന്ന മോണിട്ടറി നയങ്ങളുടെ ഫലമായി സൗദി റിയാലിന്റെ വിനിമയ നിരക്ക് ഭദ്രമാക്കി നിലനിർത്തുന്നതിനും പണ ലഭ്യത ഉറപ്പു വരുത്തുന്നതിനും സാധിച്ചതായി സാമയുടെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ വർഷം പണ ലഭ്യത 2.7 ശതമാനം വർധിച്ച് 1854 ട്രില്യൺ റിയാലായി ഉയർന്നു. ബാങ്കുകളും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. വാണിജ്യ ബാങ്കുകളിലെ ആകെ ആസ്തികൾ 2398 ബില്യൺ റിയാലായി ഉയർന്നു. ആസ്തികളിൽ രണ്ടു ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഈ വർഷവും പണ, ബാങ്കിംഗ് മേഖലയിൽ മികച്ച സൂചനകൾ തുടരുകയാണ്. ജൂലൈയിലെ കണക്കുകൾ പ്രകാരം പണ ലഭ്യത 3.9 ശതമാനം തോതിൽ വർധിച്ച് 1872 ബില്യൺ റിയാലിലെത്തി. ബാങ്കുകളിലെ നിക്ഷേപങ്ങൾ 3.7 ശതമാനം തോതിൽ വർധിച്ച് 1679 ബില്യൺ റിയാലിലേക്ക് ഉയർന്നു. ബാങ്ക് ക്രെഡിറ്റുകൾ 3.8 ശതമാനം വർധിച്ച് 1489 ബില്യൺ റിയാലിലെത്തി.
നന്നായി പഠിച്ച നിക്ഷേപ നയങ്ങൾക്ക് അനുസൃതമായി വിദേശ കരുതൽ ധന ആസ്തികൾ കൈകാര്യം ചെയ്യുന്നത് സാമ തുടർന്നു. ഈ വർഷം ആദ്യ പകുതിയിൽ കരുതൽ ധനശേഖരം 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി 1923 ബില്യൺ റിയാലിലെത്തി. ശക്തമായ നിരീക്ഷണം നടപ്പാക്കി തന്നെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കുള്ള വായ്പാ ലഭ്യത വർധിപ്പിക്കുന്നതിനും ഇസ്‌ലാമിക് ബാങ്കുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കുള്ള വായ്പകൾ വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിച്ച് വിഷൻ 2030 പദ്ധതിക്കും സൗദി സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കും അനുസൃതമായി ഏൽപിക്കപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുന്നതിന് സാമ ശ്രമിച്ചുവരികയാണെന്നും ഗവർണർ പറഞ്ഞു. റിപ്പോർട്ട് രാജാവിന് സമർപ്പിക്കുന്ന ചടങ്ങിൽ (സാമ) ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം എന്നിവർ പങ്കെടുത്തു.