ജിദ്ദ- പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടാനായി സൗദി പോലീസിന്റെ പേരിലും നെറ്റ് കോൾ തട്ടിപ്പ്. മുമ്പ് ബാങ്കുകളിൽനിന്ന് എന്നു പറഞ്ഞാണ് തട്ടിപ്പ് കോളുകൾ വന്നിരുന്നതെങ്കിൽ ഇപ്പോൾ പുതിയ മാർഗങ്ങൾ തേടുകയാണ് തട്ടിപ്പുകാർ. ഐ.എം.ഒ പോലുള്ള മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാണ് ഇത്തരം തട്ടിപ്പു കോളുകൾ വരുന്നത്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ ഒരാൾക്ക് ഐ.എം.ഒ കോൾ വന്നു. വിളിക്കുന്നത് കെ.എസ്.എ പോലീസ് ആണ്. KSA Police എന്നാണ് എന്നാണ് മൊബൈലിൽ എഴുതിക്കാണിച്ചിരുന്നത്. കൂടാതെ സൗദി പോലീസിന്റെ എംബ്ലവുമുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ് ആണെന്ന് തോന്നിയതിനാൽ ആദ്യം എടുത്തില്ല. വീണ്ടും കോൾ വന്നതോടെ ഫോൺ അറ്റൻഡ് ചെയ്തു. മറുതലയ്ക്കൽനിന്ന് ഉറുദുവിലാണ് സംസാരം. അറബിയിൽ അങ്ങോട്ട് സംസാരിച്ചപ്പോൾ വിളിച്ചയാൾ ആദ്യം ഒന്നമ്പരന്നു. പിന്നെ അറബിയിലേക്ക് മൊഴിമാറ്റി സംസാരം തുടങ്ങി. ഇഖാമ, ബാങ്ക് വിശദാംശങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്നും, ബാങ്കിന്റെ കാർഡ് നമ്പരും പാസ്‌വേഡും നൽകണമെന്നുമാണ് ആവശ്യം. വേണ്ടത് ചെയ്‌തോളാമെന്ന് പറഞ്ഞ് കോൾ കട്ട് ചെയ്‌തെങ്കിലും പിന്നെയും വിളിയോട് വിളി. ഫോൺ സൈലന്റ് മോഡിലാക്കി, കോൾ അറ്റൻഡ് ചെയ്യാതിരുന്നു. കുറേ കഴിഞ്ഞപ്പോൾ വിളി നിന്നു.
സമാന തട്ടിപ്പ് കോളുകൾ ഇതിനുമുമ്പും പലർക്കും വന്നിട്ടുണ്ട്. പ്രധാനമായും ബാങ്കുകളിൽനിന്നെന്ന് പറഞ്ഞായിരുന്നു കോളുകൾ. വിളിക്കുന്നത് എൻ.സി.ബിയിൽനിന്നാണെന്ന് തോന്നിക്കാൻ പേരും ബാങ്കിന്റെ എംബ്ലവും സഹിതമുള്ള കോളുകളായിരുന്നു അത്. വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ കാർഡ്‌നമ്പരും പാസ്‌വേഡും ആവശ്യപ്പെടുകയായിരുന്നു അപ്പോഴും. അബദ്ധത്തിൽ ആരെങ്കിലും വിവരം കൈമാറിയിട്ടുണ്ടെങ്കിൽ അവർക്ക് അമളി പറ്റിയിട്ടുണ്ടാവും.
വിളിച്ചത് ഏത് നമ്പരിൽനിന്നാണെന്നറിയാൻ പരിശോധിച്ചാൽ ഏതെങ്കിലും നെറ്റ് ഫോൺ നമ്പരാവും കിട്ടുക. തട്ടിപ്പുകാർ സൗദിക്ക് പുറത്ത് ഏതെങ്കിലും രാജ്യത്തിരുന്നാവും ഓപ്പറേഷൻ നടത്തുന്നത്. എങ്കിലും തട്ടിപ്പുവിളിക്കാരുടെ ഭാഷ മിക്കവാറും ഉറുദുവായിരിക്കും. ഇത്തരം കോളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക മാത്രമേ രക്ഷയുള്ളു.