റിയാദ്- സെപ്റ്റംബർ 27 മുതൽ സൗദി അറേബ്യ 51 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് റിപ്പോർട്ട്. ടൂറിസ്റ്റ് വിസ ഫീസ് 300 റിയാലായിരിക്കുമെന്നും ഹെൽത്ത് ഇൻഷുറൻസ് ഫീസ് 140 റിയാലായിരിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. വിസ ഫീസും ഇൻഷുറൻസ് ഫീസും അടക്കം ടൂറിസ്റ്റ് വിസ അപേക്ഷകർ 440 റിയാൽ വീതം അടയ്‌ക്കേണ്ടിവരും.
ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ 360 ദിവസമാകും വിസ കാലാവധി. ഓരോ തവണ സന്ദർശിക്കുമ്പോഴും സൗദിയിൽ തങ്ങാവുന്ന കൂടിയ കാലം 90 ദിവസമായിരിക്കും. ടൂറിസ്റ്റുകളുടെ സൗദിയിലെ താമസം ഒരു വർഷത്തിൽ 180 ദിവസത്തിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയാണ് ടൂറിസ്റ്റ് വിസ നേടേണ്ടത്. ചില രാജ്യക്കാർക്ക് എയർപോർട്ടുകളിൽ ഓൺഅറൈവൽ വിസയും അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് പുതുതായി ഔദ്യോഗിക തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വിദേശ മന്ത്രാലയം അടക്കമുള്ള ഔദ്യോഗിക വകുപ്പുകളുടെ വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളിലെ ഒഫീഷ്യൽ അക്കൗണ്ടുകളും വഴി പരസ്യപ്പെടുത്തുന്ന വിവരങ്ങളാണ് അവലംബിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. സെപ്റ്റംബർ 27 ന് ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജും സ്ഥിരീകരിച്ചിട്ടില്ല. ടൂറിസ്റ്റ് വിസയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കണമെന്ന് ട്രാവൽ ആന്റ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ഈലാഫ് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ രിദ അബ്ദൂൻ പറഞ്ഞു.