Sorry, you need to enable JavaScript to visit this website.

ഒറ്റപ്പാലം നഗരസഭയിൽ യു.ഡി.എഫിന്റെ  അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ഒറ്റപ്പാലം - ഒറ്റപ്പാലം നഗരസഭയിൽ സി.പി.എം ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നഗരസഭയിൽ നിർണായക ശക്തിയായ ബി.ജെ.പി മാറിനിന്നതാണ് അവിശ്വാസ പ്രമേയം പരാജയപ്പെടാൻ കാരണമായത്. രാവിലെ നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നമ്പൂതിരിക്കും ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.രത്‌നമ്മയ്ക്കും എതിരായ അവിശ്വാസ പ്രമേയമാണ് ചർച്ചക്കെടുത്തത്. അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്ന് സി.പി.എമ്മും ബി.ജെ.പിയും വിട്ടുനിന്നു. 
യു.ഡി.എഫിലെ എട്ടു പേരും സ്വതന്ത്ര മുന്നണിയിലെ അഞ്ചുപേരും ഒരു സ്വതന്ത്രനുമാണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് എത്തിയത്. അവിശ്വാസ പ്രമേയം വിജയിക്കണമെങ്കിൽ 19 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിട്ട് ഉണ്ടായിരുന്നത്. എന്നാൽ 14 അംഗങ്ങൾ മാത്രമാണ് കൗൺസിലിൽ ഹാജരായത്. 
രാവിലെ ഒമ്പതരയ്ക്ക് തന്നെ അവിശ്വാസ പ്രമേയത്തിനു മേൽ ചർച്ച ആരംഭിച്ചു. നഗരസഭയിൽ  ഭരണ കക്ഷിയുടെ സ്ഥിരംസമിതി അധ്യക്ഷ തന്നെ മോഷണക്കേസിൽ പ്രതിയായ സംഭവം കേരളത്തിൽ തന്നെ ആദ്യമായിട്ടാണെന്ന് പ്രതിപക്ഷാംഗങ്ങൾ തുറന്നടിച്ചു. ഈ കേസ് ഒത്തുതീർപ്പാക്കാനും മോഷണക്കേസ് പ്രതിയെ വെള്ള പൂശാനും ഇതേ നഗരസഭയിലെ മറ്റൊരു സ്ഥിരംസമിതി അധ്യക്ഷ പരസ്യമായി രംഗത്തു വന്നതും  വിമർശന വിഷയമായി. അതേസമയം അവസാന നിമിഷം വരെ  അവിശ്വാസ പ്രമേയത്തിന് അനുകൂല നിലപാട് എടുക്കും എന്ന് കരുതിയിരുന്ന ബി.ജെ.പിയാണ് തിരക്കഥ മാറ്റിയെഴുതിയത്. എൽ.ഡി.എഫിനെ അധികാരത്തിൽ നിന്നും താഴെ ഇറക്കാനും യു.ഡി.എഫിനെ അധികാരത്തിലേറ്റാനും തങ്ങളില്ലെന്ന നിലപാടാണ് ഇവർ സ്വീകരിച്ചത്. ഇരു മുന്നണികളെയും ഒരേ പോലെയാണ് തങ്ങൾ കാണുന്നതെന്നാണ് ബി.ജെ.പി വിശദീകരണം. അതേസമയം, നഗരസഭയിൽ ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണ് നടന്നതെന്നും ഇവർ ജനാധിപത്യ വിരുദ്ധരാണെന്നും യു.ഡി.എഫ് ആരോപിച്ചു.

 

Latest News