കോഴിക്കോട് - കേരള സംസ്ഥാന വഖഫ് ബോർഡിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് എം.എസ്.എസ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാന തല വഖഫ് അദാലത്തിൽ 15 കേസുകൾ ഒത്തുതീർപ്പായി. കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, ജില്ലകളിൽ നിന്നായി 70 കേസുകളാണ് പരിഗണിച്ചത്. തർക്കങ്ങൾ പരിഹരിച്ച് മഹല്ലുകളിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇത്തരം ശ്രമങ്ങൾക്ക് മത പണ്ഡിതൻമാരും നേതൃത്വവും മുൻഗണന നൽകണമെന്നും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പറഞ്ഞു. അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീണ്ട കാലം കേസുകൾ നിലനിന്ന് മഹല്ലുകളുടെ പുരോഗതി തടസ്സപ്പെടുന്നതിന് പകരം നീതിന്യായ രംഗത്തെ ബദൽ സമ്പ്രദായമായ അദാലത്ത് പ്രയോജനപ്പെടുത്തി തർക്കങ്ങൾ പരിഹരിച്ച് വഖഫ് വികസനത്തിനും സംരക്ഷണത്തിനും വേണ്ടി പരിശ്രമിക്കുവാൻ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്നും തങ്ങൾ പറഞ്ഞു.
ചടങ്ങിൽ ബോർഡ് അംഗം എം.സി.മായിൻ ഹാജി അധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. പി.വി.സൈനുദ്ദീൻ, ടി.പി.അബ്ദുല്ലക്കോയ മദനി, അഡ്വ. എം.ഷറഫുദ്ദീൻ, അഡ്വ. എം.ഫാത്തിമ റോഷ്‌ന എന്നിവർ പ്രസംഗിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.എം.ജമാൽ സ്വാഗതവും ഡിവിഷണൽ ഓഫീസർ എൻ.റഹീം കൃതജ്ഞതയും രേഖപ്പെടുത്തി.