Sorry, you need to enable JavaScript to visit this website.

ധിക്കാരം കാണിച്ചതുകൊണ്ട്  പിണറായി കരുത്തനാവില്ല -മുല്ലപ്പള്ളി 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച രാപകൽ സമരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട് - എതിരഭിപ്രായം ഉയർത്തുന്നവരെ കോടതി കയറ്റി നിയമത്തിൽ തളയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാമോഹിക്കേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധിക്കാരം കാണിച്ചതുകൊണ്ട് കരുത്തനാകില്ല. പ്രതിഷേധ സ്വരം ഉയർത്തുന്നവരെ മുഴുവൻ ജയിലിൽ അടച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാൻ കഴിയില്ല. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അയക്കാനാണ് ഭാവമെങ്കിൽ ലക്ഷക്കണക്കിന് തടങ്കൽ പാളയങ്ങൾ വേണ്ടിവരും. 
സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദുർബലനായ ആഭ്യന്തരമന്ത്രിയാണ് പിണറായി വിജയൻ. ധിക്കാരം കാണിച്ചതുകൊണ്ട് കരുത്തനാകില്ല. നിയമ സമാധാന വാഴ്ച ഇതുപോലെ തകർന്ന കാലഘട്ടം മുൻപുണ്ടായിട്ടില്ല. തന്നെ കോടതിയിൽ കയറ്റുമെന്നാണ് ഡി.ജി.പി പറഞ്ഞത്. കോടതിയിൽ കാണാമെന്നു മാത്രമേ അദ്ദേഹത്തോട് ഇപ്പോൾ പറയാനുള്ളൂ. പോലീസിനെ നിയന്ത്രിക്കുന്നത് പാർട്ടി നേതൃത്വമാണ്. 
അഭിമന്യു വധക്കേസിലെ മുഴുവൻ പ്രതികളെയും പിടിക്കാൻ പോലും പോലീസിനായിട്ടില്ല.  സി.പി.എമ്മിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന പോലീസായി കേരള പോലീസിനെ മാറ്റിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് ക്രമക്കേടുകളുടെ കൂത്തരങ്ങായി മാറി കഴിഞ്ഞു. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും രണ്ട് നിലപാടാണുള്ളത്. ഇനിയെങ്കിലും ഇവർ പാർട്ടി നിലപാട് വ്യക്തമാക്കണം. ക്വാറികൾക്ക് വീണ്ടും അനുമതി നൽകിയതിലൂടെ നാടു നശിച്ചാലും സർക്കാർ സ്വകാര്യ ക്വാറി മാഫിയയുടെ കൂടെയാണെന്ന് വ്യക്തമായി. ഡാം മാനേജ്‌മെന്റിലെ പരാജയമായിരുന്നു 2018 ലെ പ്രളയത്തിനു കാരണം. ഇതിനു ശേഷവും സർക്കാർ മുൻകരുതലെടുത്തില്ല. ക്വാറികൾക്ക് ലൈസൻസ് നൽകുന്നതിലെ നടപടിക്രമങ്ങൾ സർക്കാർ ലഘൂകരിച്ചു. ഇതാണ് വീണ്ടും പ്രകൃതി ദുരന്തമുണ്ടാകാൻ കാരണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിനെ നിസ്സാരമായി കാണരുത്. ഈ റിപ്പോർട്ടിലെ നല്ല വശങ്ങൾ നടപ്പാക്കുക തന്നെ വേണം. കവളപ്പാറയിലും പുത്തുമലയിലും ദുരന്തത്തിന് കാരണം ക്വാറികളാണ്. 
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണം. ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത സർക്കാർ നഷ്ടപ്പെടുത്തിയിരിക്കുകയാണ്. മണ്ടൻമാരായ എസ്.എഫ്.ഐക്കാരെ പുറംവാതിലിലൂടെ നിയമിക്കാനുള്ള കേന്ദ്രമായി പി.എസ്.സിയെ സർക്കാർ മാറ്റി. പി.എസ്.സി നിയമന തട്ടിപ്പിനെ കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം. വിരമിച്ച ഉദ്യോഗസ്ഥരല്ല സത്യസന്ധനായ ജുഡീഷ്യൽ ഉദ്യോഗസ്ഥരാണ് സംഭവം അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലായിലെ ജനവിധി സർക്കാരിന് അനുകൂലമാവുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഫലം മറിച്ചായാൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. പി.ശങ്കരൻ അധ്യക്ഷത വഹിച്ചു. 

 

 

Latest News