Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്കെതിരെ മൂവായിരത്തിലേറെ പരാതികൾ

റിയാദ്- റിയൽ എസ്റ്റേറ്റ് ഓഫീസുകൾക്കെതിരെ മൂവായിരത്തിലേറെ പരാതികൾ ലഭിച്ചതായി പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിലെ ഈജാർ പ്രോഗ്രാം അറിയിച്ചു. വാടക മേഖലയുടെ സേവനത്തിനുള്ള ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യുന്ന വാടക കരാറുകളുടെ എണ്ണം അനുദിനം വർധിച്ചുവരികയാണ്. പ്രതിദിനം 1150 വാടക കരാറുകൾ തോതിൽ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഈജാർ പ്രോഗ്രാം ആരംഭിച്ച ശേഷം ഇതുവരെ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനങ്ങളിൽ 28,000 ലേറെ പരിശോധനകൾ നടത്തിയിട്ടുണ്ട്. ഇതിൽ 12,717 റെയ്ഡുകൾ നടത്തിയത് ഈ വർഷമാണ്. 
പരിശോധനകൾക്കിടെ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി. അംഗീകൃത നിരക്കിൽ കൂടുതൽ കമ്മീഷൻ ഈടാക്കൽ, ഈജാർ നെറ്റ്‌വർക്കിന് പുറത്ത് വാടക കരാർ രജിസ്റ്റർ ചെയ്യൽ, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനില്ലാതെ വാടകക്ക് നൽകുന്ന മേഖലയിൽ പ്രവർത്തിക്കൽ എന്നിവ അടക്കമുള്ള നിയമ ലംഘനങ്ങളാണ് റിയൽ എസ്റ്റേറ്റ് ഓഫീസുകളിൽ കണ്ടെത്തിയത്. 
പ്രവിശ്യ ഗവർണറേറ്റുകൾ അടക്കമുള്ള വിവിധ വകുപ്പുകളുമായി സഹകരിച്ച് ഈജാർ പ്രോഗ്രാം സമീപ കാലത്ത് റെയ്ഡുകൾ തുടങ്ങിയിട്ടുണ്ട്. ഉപയോക്താക്കളിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾ കണക്കിലെടുത്തും വാടക മേഖലയിലെ വിവിധ കക്ഷികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഈജാർ നെറ്റ്‌വർക്ക് തുടർച്ചയായി പരിഷ്‌കരിച്ചുവരികയാണ്. 
വാടക കരാറുകളും ഇതു പ്രകാരം കെട്ടിട ഉടമയും വാടകക്കാരനും റിയൽ എസ്റ്റേറ്റ് ബ്രോക്കറും അടക്കം ഓരോ കക്ഷികളുടെയും ബാധ്യതകളും രജിസ്റ്റർ ചെയ്ത് വാടക മേഖല ക്രമീകരിക്കുകയാണ് ഈജാർ പ്രോഗ്രാം ചെയ്യുന്നത്. ഏതു സമയത്തും എവിടെ നിന്നും എട്ടു മിനിറ്റിനകം വാടക കരാർ ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്യുന്നതിന് സാധിക്കും. 
വാടക നിരക്കുകളിൽ സന്തുലനമുണ്ടാക്കുന്നതിനും ഓൺലൈൻ പെയ്‌മെന്റിനും പ്രതിമാസ അടിസ്ഥാനത്തിൽ വാടക അടയ്ക്കുന്നതിനുള്ള സൗകര്യവും അടക്കമുള്ള ഈജാർ നെറ്റ്‌വർക്കിലെ സൗകര്യങ്ങളും സേവനങ്ങളും വാടക പ്രക്രിയ എളുപ്പമാക്കുന്നു. ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത വാടക കരാറുകളിൽ 25 ശതമാനവും പ്രതിമാസ അടിസ്ഥാനത്തിൽ വാടക അടയ്ക്കുന്നതിനുള്ള സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും ഈജാർ പ്രോഗ്രാം  അറിയിച്ചു. 

 

Latest News