റിയാദ് - തീപ്പിടിച്ച കാർ സ്വന്തം കാർ ഉപയോഗിച്ച് തള്ളിനീക്കുന്നതിന് മുന്നിട്ടിറങ്ങിയപ്പോൾ പ്രദേശവാസികളുടെ ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ച് മാത്രമാണ് താൻ ആലോചിച്ചതെന്നും മറ്റൊന്നും അന്നേരം മനസ്സിലില്ലായിരുന്നെന്നും സൗദി യുവാവ് സുൽത്താൻ മുഹമ്മദ് അൽജുമൈഅ.
റിയാദ് അൽസുവൈദി ഡിസ്ട്രിക്ടിൽ തിങ്കളാഴ്ച ദുഹ്ർ നമസ്‌കാരത്തിനു ശേഷമാണ് സംഭവം. നടപടിക്രമങ്ങൾ പൂർത്തിയാക്കി പശ്ചിമ റിയാദിലെ ട്രാഫിക് പോലീസ് ഡയറക്ടറേറ്റിൽ നിന്ന് പുറത്തിറങ്ങി ദുഹ്ർ നമസ്‌കാരത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അൽസുവൈദി ഡിസ്ട്രിക്ടിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്.
ഇവിടെയെത്തിയ തനിക്ക് കാറിൽ തീ ആളിപ്പടർന്നതാണ് കാണാനായത്. കാറിനോട് ചേർന്ന് വൈദ്യുതി മീറ്ററുകളും വീടിന്റെ മതിലിനു തൊട്ടുപിന്നിൽ ഗ്യാസ് ടാങ്കും ഉള്ളതായി സമീപത്തു നിന്ന് സൗദി പൗരൻ വിളിച്ചുപറയുന്നത് കേൾക്കാൻ കഴിഞ്ഞു. ഇതോടെ വൻ ദുരന്തത്തിനുള്ള സാധ്യത മുന്നിൽ കണ്ട് നാലുപാടും തീ പടർന്നുപിടിച്ച കാർ തന്റെ കാർ ഉപയോഗിച്ച് തള്ളിനീക്കുന്നതിന് ശ്രമിക്കുകയായിരുന്നു.
ഗ്യാസ് ടാങ്കിലേക്ക് തീ പടർന്നുപിടിക്കാതെ നോക്കി ദുരന്തം ഒഴിവാക്കുന്നതിനെയും സമീപത്തെ കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനെയും കുറിച്ചല്ലാതെ മറ്റൊന്നും ആലോചിച്ചിരുന്നില്ല. പലതവണ ശ്രമിച്ചതിലൂടെയാണ് കാർ റോഡിന്റെ മധ്യത്തിലേക്ക് നീക്കാന്‍ സാധിച്ചത് . സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പിംഗ് പ്രചരിച്ച ശേഷമല്ലാതെ താൻ നടത്തിയ സാഹസിക കൃത്യത്തിന്റെ ദൃശ്യങ്ങൾ മറ്റാരെങ്കിലും ചിത്രീകരിച്ചതായോ പ്രചരിപ്പിച്ചതായോ അറിയില്ലായിരുന്നു. ദൗത്യം പൂർത്തിയാക്കി സ്ഥലം വിടുമ്പോള്‍ കാറുടമ പ്രാർഥനകൾ ചൊരിഞ്ഞു.
ഒരു പ്രദേശത്തെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിക്കാൻ കഴിഞ്ഞതിലൂടെ ദൈവിക പ്രീതിയാണ് താൻ കാംക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം കാറിന് നേരിട്ട കേടുപാടുകൾ ഗൗനിക്കുന്നില്ല. ധനനഷ്ടം നികത്താൻ കഴിയും. എന്നാൽ ആളുകളുടെ ജീവഹാനി നികത്താൻ സാധിക്കില്ല. ഇതേ സംഭവം മറ്റൊരിടത്ത് ആവർത്തിച്ചാലും ഇപ്പോൾ ചെയ്തതു പോലെ തന്നെ പ്രവര്‍ത്തിക്കന്‍ മടിക്കില്ല.
തനിക്ക് പാരിതോഷികങ്ങൾ പ്രഖ്യാപിച്ചതായി അറിഞ്ഞു. പാരിതോഷികം മോഹിച്ചല്ല രക്ഷാപ്രവർത്തനം നടത്തിയത്. കത്തിനശിച്ച കാറിന്റെ ഉടമയെ തനിക്കറിയില്ല. താൻ അൽസുവൈദി ഡിസ്ട്രിക്ടിലെ താമസക്കാരനുമല്ല. വൈദ്യുതി മീറ്ററുകളിലേക്കും ഗ്യാസ് ടാങ്കിലേക്കും തീ പടർന്നുപിടിച്ചേക്കുമെന്ന് പറഞ്ഞ് കാറുടമ ഉച്ചത്തിൽ ബഹളം വെക്കുന്നത് കേട്ടാണ് കാർ തള്ളിമാറ്റുന്നതിന് മറ്റൊന്നും ആലോചിക്കാതെ ശ്രമിച്ചതെന്ന് സുൽത്താൻ മുഹമ്മദ് അൽജുമൈഅ പറഞ്ഞു.