റിയാദ് - പുതുതായി നിയമിതനായ വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽഖുറൈഫ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 'ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും നീതിപൂർവമായും കൃത്യനിർവഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരിൽ പ്രതിജ്ഞ ചെയ്യുന്നു' എന്ന വാചകം ഉരുവിട്ടാണ് മന്ത്രി സത്യപ്രതിജ്ഞ ചെയ്തത്.
ഇതിനു ശേഷം രാജാവിന് അഭിവാദ്യം അർപ്പിച്ച വ്യവസായ മന്ത്രി സൽമാൻ രാജാവ് നൽകിയ നിർദേശങ്ങൾ ശ്രവിക്കുകയും ചെയ്തു. അൽസലാം കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, റോയൽ കോർട്ട് പ്രസിഡന്റ് ഫഹദ് അൽഈസ എന്നിവർ സന്നിഹിതരായിരുന്നു.