കണ്ണൂർ- പൊതുവാച്ചേരിയിൽ കണ്ടെത്തിയ ഗുഹയുടെ അകത്തുള്ള മണ്ണ് നീക്കം ചെയ്തു തുടങ്ങിയതോടെ അത്യപൂർവ മൺപാത്രങ്ങൾ കണ്ടെത്തി. മൺപാത്രത്തിന് പുറത്ത് അത്യപൂർവമായ ഡിസൈനും ഉണ്ട്. ഈ ഡിസൈൻ സാധാരണ ഉണ്ടാവാറില്ലെന്ന് പുരാവസ്തു വിദഗ്ധർ അഭിപ്രായപ്പെട്ടു. മൺപാത്രങ്ങൾ കോഴിക്കോട് മ്യൂസിയത്തിലേക്ക് മാറ്റും.
പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപം കഴിഞ്ഞ ദിവസമാണ് ഗുഹ കണ്ടെത്തിയത്. വിവരമറിഞ്ഞ് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശനം നടത്തുകയും വിദഗ്ധ പരിശോധനക്കായി പുരാവസ്തു വകുപ്പിലെ സംഘത്തെ അയക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് ഉദ്യോഗസ്ഥരെത്തി പരിശോധന ആരംഭിച്ചപ്പോഴാണ് മൺപാത്രങ്ങൾ ലഭിച്ചത്.
ചെമ്മൺ പാതക്കരികിലാണ് മഹാ ശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന ഈ ഗുഹ. മഹാശിലായുഗത്തിൽ ശവസംസ്‌കാരത്തിനായി നിർമിക്കപ്പെടുന്നതാണ് ചെങ്കൽ ഗുഹകൾ. ചെറിയ കവാടമാണ് ഇവിടെ ഉണ്ടായിരുന്നത്. പരിശോധനയിൽ ഗുഹക്ക് വലിയ വിസ്തീർണമുണ്ടെന്ന് കണ്ടെത്തി. 2000 മുതൽ 2500 വർഷം വരെ പഴക്കമുള്ളതാണിതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ നിന്നും ലഭിച്ച മൺപാത്രം പ്രത്യേക ചായം കൊണ്ട് അലങ്കരിച്ചതാണ്. പരിശോധന ഒരാഴ്ച കൂടി നീളുമെന്ന് നേതൃത്വം നൽകുന്ന പഴശ്ശിരാജ മ്യൂസിയം ചാർജ് ഓഫീസർ കെ.കൃഷ്ണരാജ് പറഞ്ഞു.