കണ്ണൂർ- മാനമില്ലാത്ത ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എങ്ങനെ മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നു കെ.മുരളീധരൻ എം.പി. കണ്ണൂരിൽ യു.ഡി.എഫിന്റെ രാപ്പകൽ ഉപരോധ സമരം ഉദ്ഘാടനം ചെയ്യവേയാണ് മുരളീധരൻ ബെഹ്‌റക്കെതിരെ ആഞ്ഞടിച്ചത്. സി.പി.എമ്മുകാർക്ക് മുന്നിൽ ഇത്രയേറെ കുനിഞ്ഞ മറ്റൊരു ഡി.ജി.പി വേറെ ഇല്ല. പിണറായിക്കു മുന്നിൽ കുനിഞ്ഞാൽ അത് സാരമില്ലെന്ന് പറയാം. കാരണം മുഖ്യമന്ത്രിയാണ്. എന്നാൽ സി.പി.എം ലോക്കൽ നേതാക്കൾക്കു മുന്നിൽ പോലും കുമ്പിടുകയാണ്.
പിണറായിക്ക് എവിടുന്നാണ് ഇയാളെ കിട്ടിയത്. കഴിവു കെട്ടയാളാണ് ഡി.ജി.പിയെന്നും അദ്ദേഹം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നു എന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്. അതിനെതിരെ എന്തിനാണ് മാനനഷ്ടക്കേസ് കൊടുക്കുന്നത്. സെക്രട്ടറി എന്നാൽ അത്ര മോശമാണോ? സെക്രട്ടറി ആയതിനു ശേഷമല്ലേ പിണറായി വിജയൻ മുഖ്യമന്ത്രി ആയത്. ഈ സർക്കാരിന് നിരന്തരം തെറ്റു പറ്റുന്നു. തെറ്റുകളിൽനിന്ന് തെറ്റുകളിലേക്കാണ് യാത്ര. പി.എസ്.സി വിഷയത്തിൽ ഒന്നുകിൽ ഹൈക്കേടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണം അല്ലെങ്കിൽ സി.ബി.ഐ അന്വേഷണം വേണം -മുരളീധരൻ ആവശ്യപ്പെട്ടു.
കോൺഗ്രസിനെ വഞ്ചിച്ച് ബി.ജെ.പിയിലേക്ക് പോയ പുതിയ ഗവർണറെ സ്വാഗതം ചെയ്യുകയാണ് പിണറായി വിജയൻ ചെയ്തത്. കേരളത്തിലെ ഒടുവിലത്തെ സി.പി.എം മുഖ്യമന്ത്രിയാവും പിണറായി വിജയൻ. ഡാം എന്തെന്നറിയാത്ത മന്ത്രിയാണ് എം.എം. മണി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ യൂനിവേഴ്‌സിറ്റി കോളേജ് ഒന്നുകിൽ മ്യൂസിയമാക്കും. അല്ലെങ്കിൽ ഇടിച്ചു പരത്തി പൊതു സ്ഥലമാക്കും. കണ്ണൂരിലെ സി.പി.എം ഗ്രാമത്തിന്റെ പതിപ്പാണ് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജ്. ഇത് സ്ഥാപിതമായതു മുതൽ എസ്.എഫ്.ഐ കൈയടക്കി വെച്ചിരിക്കയാണ്. തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന എല്ലാ രാഷ്ട്രീയ അക്രമങ്ങളുടെയും പ്രഭവ കേന്ദ്രം ഈ സ്ഥാപനമാണ് -മുരളീധരൻ പറഞ്ഞു. കോൺഗ്രസ് ജീർണിച്ചുവെന്നാണ് മന്ത്രി ഇ.പി.ജയരാജൻ പറയുന്നത്. ഇത് കേട്ടാൽ തോന്നും സി.പി.എം തടിച്ച് വീർത്തിരിക്കയാണെന്ന്. സി.പി.എമ്മിന്റെ വളർച്ച മൂന്നിലൊതുങ്ങി. ഇതിൽ രണ്ട് പേർ വിജയിച്ചത് കോൺഗ്രസ് സഹായത്താലാണ്. ലോക്‌സഭയിൽ ഇവരെ പരസ്പരം പരിചയപ്പെടുത്തി
യത് താനാണ്. പിണറായിയും നരേന്ദ്ര മോഡിയും കാർബൺ കോപ്പികളാണ്. ഇരുവരും തമ്മിൽ വ്യത്യാസങ്ങളില്ല. പുറത്തുനിന്ന് മാത്രമാണ് പിണറായി മോഡിക്കെതിരെ പറയുന്നത്. പരസ്പരം കാണുമ്പോൾ സ്തുതിക്കലാണ് പ്രധാന പണി.
മോഡി കേന്ദ്രത്തിൽ നടപ്പാക്കുന്ന ഫാസിസ്റ്റ് നയമാണ് പിണറായി കേരളത്തിൽ നടപ്പാക്കുന്നത്. എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയുമെന്നൊരു ചൊല്ലുണ്ട്. അതാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ക്രിമിനലുകൾ നാളത്തെ പോലീസ് എന്നതാണ് സി.പി.എമ്മിന്റെ മുദ്രാവാക്യമെന്നും മുരളീധരൻ പരിഹസിച്ചു. എ.ഡി മുസ്തഫ അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, പി.ടി ജോസ്, വി.കെ.അബ്ദുൽ ഖാദർ മൗലവി, അബ്ദുൽ കരീം ചേലേരി, ഇല്ലിക്കൽ അഗസ്തി, സുമാ ബാലകൃഷ്ണൻ, കെ.സുരേന്ദ്രൻ, മാർട്ടിൻ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.