Sorry, you need to enable JavaScript to visit this website.

കേരളത്തിൽനിന്നുളള ഹജ് മടക്ക സർവീസുകൾ പൂർത്തിയായി

ഹജ് അവസാന സംഘം ദുരിതാശ്വാസ നിധിയിലേക്ക് ഹജ് കമ്മിറ്റിക്ക് സംഭാവന നൽകുന്നു.

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കേരളത്തിൽനിന്നും പുറപ്പെട്ട മുഴുവൻ ഹാജിമാരും തിരിച്ചെത്തി. അവസാന ദിനമായ ഇന്നലെ വരെ രണ്ട് വിമാനങ്ങളിലായി 555 പേരാണ് മടങ്ങിയെത്തിയത്. കരിപ്പൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിൽ മടങ്ങിയെത്തിയ ഹാജിമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,23,162 രൂപയാണ് നൽകിയത്. കഴിഞ്ഞ തവണയും തിരിച്ചെത്തിയ ഹാജിമാർ 25 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. 
13,809 മുതിർന്നവരും 20 കുട്ടികളുമാണ് ഈ വർഷം കേരളത്തിൽനിന്നും ഹജിന് പുറപ്പെട്ടത്. ഇവരിൽ 13,751 പേരാണ് തിരിച്ചെത്തിയത്. ആറ് പേർ ഹജ് കർമത്തിനിടെ മരിച്ചു. 48 പേർ സ്വന്തം നിലയിൽ മടങ്ങി എത്തി. നാല് പേർ സൗദിയിൽ തുടരുന്നു. 
കരിപ്പൂരിൽ നിന്നും പുറപ്പെട്ട 11,059 പേരിൽ 11,012 പേരും കൊച്ചിയിൽ നിന്നും പുറപ്പെട്ട 2750 പേരിൽ 2739 പേരുമാണ് തിരിച്ചെത്തിയത്. കരിപ്പൂരിൽ നിന്നും 17,78,503 കൊച്ചിയിൽ നിന്നും 7,44,659 രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് ഹാജിമാർ സംഭാവന നൽകിയത്.
താളപ്പിഴകളില്ലാതെയാണ് ഈ വർഷത്തെ ഹജ് സർവീസ് സമാപിച്ചത്. കരിപ്പൂരിലേക്ക് സൗദി എയർലൈൻസ് 36 സർവീസും നെടുമ്പാശ്ശേരിയിലേക്ക് എയർ ഇന്ത്യ എട്ടു സർവീസുകളുമാണ് നടത്തിയത്. 
ഇവ കൃത്യസമയത്ത് പറന്നിറങ്ങിയത് തീർത്ഥാടകർക്ക് ആശ്വാസമായി. കരിപ്പൂരിലെത്തിയ അവസാന സംഘത്തെ ഹജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ സ്വീകരിച്ചു. പി.വി. അബ്ദുൽ വഹാബ് എം.പി, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു ഹജ് കമ്മിറ്റി അംഗങ്ങളായ പി.അബ്ദുറഹിമാൻ എന്ന ഇണ്ണി, പി.കെ.അഹമ്മദ്, എച്ച്. മുസമ്മിൽ ഹാജി, മുസ്‌ലിയാർ സജീർ, എസ്.അനസ് ഹാജി, മുൻ അംഗം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുറഹിമാൻ, ഹജ് സെൽ ഓഫീസർ എസ്.നജീബ് സംബന്ധിച്ചു.

 

 

Latest News