Sorry, you need to enable JavaScript to visit this website.

പ്രകൃതി ദുരന്തങ്ങൾക്ക് തകർക്കാനാകാത്ത കേരളം വാർത്തെടുക്കും -മുഖ്യമന്ത്രി

മഹാരാജാസ് കോളജ് മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച കൊച്ചി മെട്രോയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. 

കൊച്ചി - പ്രകൃതി ദുരന്തങ്ങൾക്ക് തകർക്കാനാവാത്ത കേരളം വാർത്തെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 
മഹാരാജാസ് കോേളജ് മുതൽ തൈക്കൂടം വരെ ദീർഘിപ്പിച്ച കൊച്ചി മെട്രോയുടെയും  വാട്ടർ മെട്രോ പ്രഥമ ടെർമിനലിന്റെയും പേട്ട എസ്.എൻ.ജംഗ്ഷൻ മെട്രോ റെയിൽ നിർമാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്തങ്ങളിൽ പെട്ട നാടിന്റെ പുനർനിർമാണം വലിയ ഉത്തരവാദിത്തമാണ്. 
പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്ന നാടായി നമ്മുടെ നാടിനെ മാറ്റുന്നതിനുള്ള പുനർനിർമാണ പ്രവർത്തനങ്ങളിലാണ് സർക്കാരിന്റെ ശ്രദ്ധയെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നിർമാണ പ്രവർത്തനങ്ങളിലെ ഗുണനിലവാരം മികച്ചതാക്കണമെന്നതിൽ സർക്കാരിന് വിട്ടുവീഴ്ചയില്ല. മറിച്ചായാൽ വ്യക്തിപരമായ ഉത്തരവാദിത്തം നിശ്ചയിച്ച് നിയമ നടപടികളെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. 
നഗരകാര്യ വകുപ്പ് സെക്രട്ടറിയും ദൽഹി മെട്രോ റെയിൽ കോർപറേഷൻ ചെയർമാനുമായ ദുർഗ ശങ്കർ മിശ്ര, ഹൈബി ഈഡൻ എം പി, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ,  എംഎൽഎമാരായ ജോൺ ഫെർണാണ്ടസ്, പി ടി തോമസ്, എം സ്വരാജ്, ചീഫ് സെക്രട്ടറി ടോം ജോസ്, മുൻ എംപിമാരായ  കെ വി തോമസ്, പി രാജീവ്, ജില്ലാ കലക്ടർ എസ് സുഹാസ്, കൊച്ചി  മേയർ സൗമിനി ജെയിൻ,  കൊച്ചി മെട്രോ പ്രിൻസിപ്പൽ അഡൈ്വസർ ഇ ശ്രീധരൻ, എംഡി എ പി എം മുഹമ്മദ് ഹനീഷ്   സംസാരിച്ചു. 
മഹാരാജാസ് കോേളജ് മുതൽ തൈക്കൂടം വരെ അഞ്ചര കിലോമീറ്ററാണ് കൊച്ചി മെട്രോ റെയിൽ വർധിപ്പിച്ചത്.  ഇതോടെ 23.5 കിലോമീറ്റർ ദൈർഘ്യത്തിലാണ് മെട്രോ ഓടുന്നത്. പേട്ട  എസ്എൻ ജംഗ്ഷൻ റെയിൽ നിർമാണം 24 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടർ മെട്രോ യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ആദ്യ നഗര ജലഗതാഗത മെട്രോയായി അതു മാറും. വാട്ടർ മെട്രോ 2020 മാർച്ചിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.  വാട്ടർ മെട്രോക്കാവശ്യമായ സർക്കാർ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാവുകയും സ്വകാര്യ ഭൂമി ഏറ്റെടുക്കൽ അന്തിമ ഘട്ടത്തിലെത്തുകയും ചെയ്തിട്ടുണ്ട്. 

 

 

Latest News