മൽബു മൊയ്തുവിനെ കുറിച്ച് ഓർക്കുകയായിരുന്നു. മകനെ ഇവിടെ എത്തിച്ച് ഒരു ജോലി ശരിയാക്കിക്കൊടുത്ത ശേഷമാണ് സ്‌നേഹ സമ്പന്നനായ മൊയ്തു നാട്ടിലേക്ക് മടങ്ങിയത്.
മൊയ്തുവിനെ മുറിച്ചു വെച്ചതുപോലുള്ള ഒരു മകൻ. പ്രവാസത്തിൽ ഇങ്ങനെ അനന്തരമെടുക്കുന്നവർ തന്നെയാണ് കൂടുതലും. മക്കളെയെങ്കിലും പ്രവാസ മരുഭൂമിയിലെത്തിക്കാതെ നോക്കണമെന്ന് എല്ലാവരും സ്വപ്‌നം കാണും. പക്ഷേ, അനന്തരമേറ്റെടുക്കാൻ ആളില്ലാതെ ഈ നാട് പോകാൻ അനുവദിക്കില്ല.
എല്ലുമുറിയെ പണിയെടുക്കുന്ന ബാപ്പയെ നാട്ടിലെത്തിച്ച് വിശ്രമ ജീവിതത്തിന് സമയം നൽകണമെന്ന ആഗ്രഹത്താൽ ലക്ഷ്യബോധത്തോടെ പഠിച്ച് നാട്ടിൽ തന്നെ ജോലി കണ്ടെത്തിയവരുണ്ട്. കുറച്ചു പേർക്ക് ലഭിക്കുന്ന ഭാഗ്യമായേ അതിനെ കാണാനാവൂ.
നല്ല നിലയിലെത്തിയ മക്കൾ വിളിച്ചിട്ടും പോകാത്തവരുമുണ്ട്. ഇവിടെയാണ് തന്റെ വെള്ളമെന്ന വിശ്വാസത്തോടെ അവസാന ശ്വാസം വരെ അധ്വാനിക്കുന്നവർ. നിയമങ്ങളും സാഹചര്യങ്ങളും എത്ര തന്നെ മാറിയാലും വിട്ടുകൊടുക്കാത്തവർ. അവസാനം വരെ പിടിച്ചുനിൽക്കണമെന്നതാണ് അവരുടെ മുദ്രാവാക്യം.
നീ വീണ്ടും പോകുകയാണല്ലേ? എനിക്ക് ഒന്നു രണ്ടു കാര്യങ്ങൾ പറയാനുണ്ട്.
യാത്ര പറയാൻ ചെന്നപ്പോൾ മൊയ്തു പറഞ്ഞു. അല്ലെങ്കിൽ വേണ്ട എന്നു പറഞ്ഞു മൊയ്തു തന്നെ പിൻവലിയുകയും ചെയ്തു.
സൂക്ഷിച്ചു നോക്കിയപ്പോൾ മൊയ്തുവിന്റെ കണ്ണു നിറഞ്ഞതായി തോന്നി.
മൊയ്തുവിന് എന്തോ വിഷമമുണ്ടല്ലോ എന്താണെന്നുവെച്ചാൽ പറ.
അതു നീ പോകുന്നതു കൊണ്ടുള്ള വിഷമമാണ്.
അതെന്താ. ഞാൻ പോകുന്നതു കൊണ്ടുള്ള അസൂസയയാണോ. ഞാൻ അവിടെ എത്തിയാൽ നിങ്ങൾക്ക് വേണമെങ്കിൽ വിസ അയച്ചു തരില്ലേ?
പിരിമുറുക്കം ഒന്നയക്കാൻ മൽബു പറഞ്ഞു നോക്കി.
ഇനി വിസയൊന്നും വേണ്ടപ്പാ. ഞാനിവിടെയുള്ള ഏർപ്പാടും കൊണ്ട് കഴിഞ്ഞോളാം. നീ അവനെയൊന്ന് ഉപദേശിച്ചു ശരിയാക്കിയാൽ മതി.
ആരെ, മോനെയോ.. അവനെന്താണ് കുഴപ്പം?
അവൻ അവിടെ നിൽക്കുന്നതും ഇവിടെ നിൽക്കുന്നതും കണക്കാ. അവനെക്കൊണ്ട് എനിക്ക് ഒരു ഗുണവുമില്ല. എനിക്കൊന്നും വേണ്ട, തരണ്ട. ഇവിടത്തെ കാര്യങ്ങൾ ഞാൻ എങ്ങനെയെങ്കിലും ഒപ്പിക്കും. അവൻ അവന്റെ കാര്യം നോക്കണ്ടേ. എന്തെങ്കിലും സേവ് ചെയ്യണ്ടേ. കിട്ടുന്നതൊക്കെ അവിടെ തന്നെ ചെലവഴിച്ച് അടിച്ചുപൊളിച്ച് കഴിയുകയാണ് അവൻ. കുറെ നിർബന്ധിച്ച് ഞാൻ എൻ.ആർ.ഇ അക്കൗണ്ട് തുടങ്ങിച്ചു. ആറു മാസമായി അതിലേക്ക് ഒരു രൂപ പോലും അയച്ചിട്ടില്ല.
അവിടെ എത്തിയാൽ നീ അവന്റെ റൂമിൽ തന്നെ താമസിക്കണം. എങ്ങനെയെങ്കിലും അവനെയൊന്ന് ശരിയാക്കി എടുക്കണം.
കൂട്ടുകെട്ടാണോ, എന്താണ് പറ്റിയതെന്നറിയില്ല. ഫോൺ ചെയ്താലും അവൻ എന്നോട് കൂടുതൽ സംസാരിക്കില്ല. എന്തെങ്കിലും ഉപദേശിച്ചാൽ വലിയ ദേഷ്യമാണ്. ഒന്നു രണ്ടു കൂട്ടുകാരെ കുറിച്ച് അന്വേഷിച്ചുനോക്കി. അവരൊക്കെ കൃത്യമായി എല്ലാ മാസവും നാട്ടിലേക്ക് പണമയക്കുന്നു. നീയൊന്ന് മയത്തിൽ അവനെ ഉപദേശിച്ചു നന്നാക്കണം.
ഇപ്പോഴത്തെ കുട്ടികളല്ലേ മൊയ്തൂ. ശരിയായിക്കോളും. ഉസ്മാൻ നല്ല കുട്ടിയാണ്.
അതെ, അവൻ നല്ല കുട്ടിയായിരുന്നു. കുടുംബത്തോട് നല്ല സ്‌നേഹമുള്ളവൻ. ഞാനും സുഹറയും അവന്റെ ഒരു സഹായവും ആഗ്രഹിക്കുന്നില്ല. അവന്റെ ഭാവിയും നമ്മളെ പോലെ ആകാൻ പാടില്ലല്ലോ?
മൊയ്തു സമാധാനിക്ക്. ഞാൻ അവനോടു പറയാം. ന്യൂജെൻ കുട്ടികളാണ്. അവരോട് മയത്തിൽ നിന്നില്ലെങ്കിൽ പണി പാളും. ഞാൻ പരമാവധി ട്രൈ ചെയ്യാം.
മൊയ്തുവിനു കൊടുത്ത വാക്കും അയാളുടെ കലങ്ങിയ കണ്ണുകളുമാണ് മൽബുവിന്റെ മനസ്സിൽ.
ഞാൻ നന്നാക്കേണ്ട ഉസ്മാനാണിത്. പാട്ടിൽ ലയിച്ചും താളം പിടിച്ചും കാറോടിക്കുന്നത്.
മൊയ്തുവിന്റെ കൂടെ ഇതുപോലെ പലപ്പോഴും യാത്ര ചെയ്തിട്ടുണ്ട്. ഉപകാരിയെന്നാണ് പ്രവാസികൾ മൊയ്തുവിനു നൽകിയിരുന്ന വിളിപ്പേര്. കാരണം ജനസേവനം അയാളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആർക്ക് എന്ത് ആവശ്യമുണ്ടായാലും രാത്രിയായാലും പകലായാലും മൊയ്തു ഓടിയെത്തുമായിരുന്നു. മതിയാക്കി പോകുമ്പോൾ ആളുകൾ മൊയ്തുവിനെ കുറിച്ച് പറഞ്ഞ ഓരോ വാക്കും മൽബുവിന്റെ മനസ്സിലേക്ക് കടന്നുവന്നു.
പെട്ടെന്നാണ് മുന്നിലൊരു മിന്നൽ പിണർ. കുടുങ്ങിയല്ലോ എന്ന ഉസ്മാന്റെ ശബ്ദം പാട്ടിനെ അതിജയിച്ചു. അവൻ പാട്ട് ഓഫാക്കി.
എന്തുപറ്റി ഉസ്മാനേ. സംഗതി പിടികിട്ടാതെ മൽബു ചോദിച്ചു.
നിങ്ങൾ കണ്ടില്ലേ ലൈറ്റടിച്ചത്. 150 പോയിക്കിട്ടി.
അയ്യോ മോനെ. എന്നെക്കൊണ്ട് ഫൈൻ അടിച്ചു അല്ലേ.
ഏയ് അതൊക്കെ അങ്ങനെ ഉണ്ടാകും. വണ്ടിയിൽ ക്യാമറ കൊണ്ടുവെച്ചതു കണ്ടില്ല. ഇതിപ്പോ ഇങ്ങനെയാണ്. സ്ഥിരമായുള്ള ക്യാമറ മാത്രമല്ല. ഇതുപോലെ വണ്ടിയിലും കൊണ്ടുവെക്കും.
എന്തായാലും സങ്കടമായിപ്പോയല്ലോ?
വിഷമിച്ചിട്ടെന്താ അങ്കിൾ? വണ്ടി ആയാൽ ഇതൊക്കെ ഉണ്ടാകും. ക്യാമറയുണ്ടാകുമെന്ന് വെച്ച് വണ്ടി എടുക്കാതിരിക്കാൻ പറ്റുമോ. എല്ലാ മാസവും ശമ്പളത്തിന്റെ പകുതി ഇങ്ങനെ പോകാനുണ്ടാകും. എത്ര ശ്രദ്ധിച്ചാലും സ്പീഡ് കൂടും. പാർക്കിംഗ് തെറ്റും.
ഫൈൻ അടയ്‌ക്കേണ്ട പണം നൽകാമെന്ന് മൽബുവിന്റെ വായിലോളം വന്നെങ്കിലും പറഞ്ഞില്ല. കുട്ടികളാണ്. ഓരോ വാക്കും അവർ എങ്ങനെ സ്വീകരിക്കുമെന്നു കൂടി ആലോചിച്ചുവേണം പറയാൻ. ഇല്ലെങ്കിൽ വിപരീതമായിരിക്കും ഫലം.
ഉസ്മാനെ ഉപദേശിക്കാൻ പറ്റിയ സന്ദർഭമാണ്. ഇങ്ങനെ ഫൈനടച്ചാൽ പിന്നെന്ത് സേവ് ചെയ്യും?
ഉപദേശിക്കുന്നതിനു പകരം അവനെ ആശ്വസിപ്പിക്കാനാണ് മൽബുവിന് തോന്നിയത്.
വരാനുള്ളത് വഴിയിൽ തങ്ങില്ല മോനേ. നമ്മൾ എത്ര ശ്രമിച്ചാലും കാര്യമില്ല. വരാനുള്ളത് വന്നേ പറ്റൂ. മൽബു ആശ്വസിപ്പിച്ചു.
പാവം പയ്യൻ... ബാപ്പാന്റെ ചങ്ങാതിയെ കൂട്ടാൻ എയർപോർട്ടിലെത്തി മണിക്കൂറുകൾ കാത്തിരുന്നു. ഒടുവിൽ പണവും പോയിക്കിട്ടി.
പാട്ടുനിർത്തിയ അവന്റെ ഭാവമാറ്റം പ്രകടമായിരുന്നു.
മൽബു പറഞ്ഞു: നല്ല മാപ്പിളപ്പാട്ടുണ്ടെങ്കിൽ വെക്ക്.
ഇനിയിപ്പോ റൂമെത്താറായി ഇക്കാ എന്നു പറഞ്ഞ് അവനൊരു സിഗരറ്റെടുത്ത് കത്തിച്ചു.
മൊയ്തുവിന്റെ മകൻ ഉസ്മാന് സേവിംഗ്‌സ് ഇല്ലാത്തതിന്റെ രണ്ടാമത്തെ കാരണവും മൽബുവിന് പിടികിട്ടി.