റിയാദ്- സവിശേഷ സാഹചര്യങ്ങളിലൊഴികെ തൊഴിലാളികളുടെ വേതനം തൊഴിലുടമകൾ നിഷേധിക്കരുതെന്ന് സൗദി മനുഷ്യാവകാശ കമ്മീഷൻ. ഏതൊക്കെ സാഹചര്യങ്ങളിൽ ശമ്പളത്തിൽനിന്ന് തുക പിടിക്കാമെന്നത് സംബന്ധിച്ച മാർഗനിർദേശവും കമ്മീഷൻ നൽകിയിട്ടുണ്ട്.
ഇതനുസരിച്ച് ശമ്പളത്തിൽനിന്ന് നിശ്ചിത തുക തൊഴിലുടമക്ക് പിടിക്കാവുന്ന സാഹചര്യങ്ങൾ ഇവയാണ്:
തൊഴിലുടമ നൽകിയ വായ്പ. ഇങ്ങനെ പിടിക്കുന്ന തുക ആകെ വേതനത്തിന്റെ പത്തു ശതമാനത്തിൽ കൂടാൻ പാടില്ല.
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് നടപ്പാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കുള്ള തൊഴിലാളികളുടെ വിഹിതമായ വരിസംഖ്യ.
നിയമാനുസൃതം തൊഴിലാളികൾ വഹിക്കേണ്ട മറ്റു വരിസംഖ്യകൾ, ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് വായ്പ തിരിച്ചടവ് വിഹിതം, ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിലേക്കുള്ള വരിസംഖ്യ വിഹിതം.
ഉടമസ്ഥാവകാശം തൊഴിലാളികൾക്ക് കൈമാറുകയെന്ന ലക്ഷ്യത്തോടെ തൊഴിലുടമ നടപ്പാക്കുന്ന പാർപ്പിട പദ്ധതിയിലേക്കുള്ള തവണകൾ.
തൊഴിലാളികൾ നടത്തുന്ന നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ, തൊഴിലാളികൾ കേടുവരുത്തുന്ന വസ്തുക്കളുടെ വില.
കോടതി വിധി പ്രകാരമുള്ള സാമ്പത്തിക ബാധ്യത തീർക്കാനുള്ള തുക. ഇത് വേതനത്തിന്റെ നാലിലൊന്നിൽ കൂടാൻ പാടില്ല. വിവാഹ മോചിതർക്കും കുട്ടികൾക്കും ചെലവിന് നൽകലുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത തീർക്കുന്നതിന് പ്രഥമ പരിഗണന.
ഏതു സാഹചര്യത്തിലും തൊഴിലാളികളുടെ വേതനത്തിൽനിന്ന് പിടിക്കുന്ന തുക ശമ്പളത്തിന്റെ പകുതിയിൽ കൂടുതലാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
ദിവസത്തിൽ എട്ടു മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറിൽ കൂടുതൽ നേരം ജോലി ചെയ്യിക്കുന്നത് അനുവദനീയമല്ല. റമദാനിൽ മുസ്‌ലിംകളുടെ പ്രതിദിന തൊഴിൽ സമയം ആറു മണിക്കൂറും പ്രതിവാര തൊഴിൽ സമയം 36 മണിക്കൂറും ആയിരിക്കും. തുടർച്ചയായി അഞ്ചു മണിക്കൂറിൽ കൂടുതൽ നേരം ജോലി ചെയ്യിക്കരുത്. വിശ്രമത്തിനും നമസ്‌കാരം നിർവഹിക്കുന്നതിനും ഭക്ഷണത്തിനും സമയം അനുവദിക്കുന്ന നിലയിൽ തൊഴിൽ സമയം ക്രമീകരിക്കണം. ജോലിക്കിടെ ഒരു തവണ അനുവദിക്കുന്ന വിശ്രമ സമയം അര മണിക്കൂറിൽ കുറവാകാൻ പാടില്ല. ഒരു ദിവസം തൊഴിലാളി തൊഴിൽ സ്ഥലത്ത് 12 മണിക്കൂറിൽ കൂടുതൽ കഴിയുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
വിശ്രമത്തിനും നമസ്‌കാരത്തിനും ഭക്ഷണത്തിനും അനുവദിക്കുന്ന സമയം തൊഴിൽ സമയത്തിൽ ഉൾപ്പെടുത്തില്ല. വിശ്രമ സമയങ്ങളിൽ തൊഴിൽ സ്ഥലങ്ങളിൽ തന്നെ കഴിയാൻ തൊഴിലാളികളെ തൊഴിലുടമ നിർബന്ധിക്കരുത്. വാരാന്ത അവധി വെള്ളിയാഴ്ചയാണ്. ബന്ധപ്പെട്ട ലേബർ ഓഫീസിനെ മുൻകൂട്ടി അറിയിച്ച് ചില തൊഴിലാളികൾക്ക് മറ്റേതെങ്കിലും ദിവസം വാരാന്ത അവധിയായി നിശ്ചയിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ മതപരമായ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിന് തൊഴിലാളികളെ അനുവദിക്കണം. വാരാന്ത അവധിക്ക് പകരമായി പണം നൽകാൻ പാടില്ല. പൂർണ വേതനത്തോടെയാണ് വാരാന്ത അവധി നൽകേണ്ടത്. ഇത് തുടർച്ചയായ 24 മണിക്കൂറിൽ കുറയരുതെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.