അൽബാഹ - കൊലക്കേസ് പ്രതികളായ രണ്ടു സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ മുഹമ്മദ് ബിൻ അലി ബിൻ ഔദ അൽഗാംദിയെ കത്തി ഉപയോഗിച്ച് കുത്തിയും കല്ല് ഉപയോഗിച്ച് ശിരസ്സിന് അടിച്ചും കൊലപ്പെടുത്തിയ സഫർ ബിൻ മുബാറക് ബിൻ സഈദ് അൽഗാംദി, സഹോദരൻ ആയിദ് എന്നിവർക്ക് അൽബാഹ പ്രവിശ്യയിലെ അൽഅഖീഖിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.
കേസിൽ അറസ്റ്റിലായ പ്രതികൾക്ക് നേരത്തെ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ടയാളുടെ ഇളയ മക്കൾക്ക് പ്രായപൂർത്തിയായി പിതാവിന്റെ ഘാതകർക്ക് വധശിക്ഷ നടപ്പാക്കുന്ന കാര്യത്തിൽ അവരുടെ കൂടി അഭിപ്രായം അറിയുന്നതു വരെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പ്രായപൂർത്തിയായ മക്കളും പിതാവിന്റെ ഘാതകർക്ക് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നതോടെയാണ് പ്രതികളെ ഇന്നലെ വധശിക്ഷക്ക് വിധേയരാക്കിയത്.