മക്ക - ഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തിയ സംഭവത്തിൽ മക്കയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിന് മക്ക നഗരസഭ പിഴ ചുമത്തി. കുടുംബാംഗങ്ങൾക്കൊപ്പം റസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിച്ച സൗദി പൗരനാണ് ഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തിയതായി നഗരസഭയിൽ പരാതിപ്പെട്ടത്. റസ്റ്റോറന്റിൽനിന്ന് രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ ചത്ത ഈച്ചകളെയും കൂറയുടെ കാലും കണ്ടെത്തുകയായിരുന്നെന്ന് സൗദി പൗരൻ പറഞ്ഞു.
റസ്റ്റോറന്റ് തൊഴിലാളികളെ വിളിച്ചുവരുത്തി ഭക്ഷണത്തിലെ പ്രാണികളെ കാണിച്ചുകൊടുത്തപ്പോൾ അധികൃതർക്ക് പരാതി നൽകുന്നതിൽ നിന്ന് തന്നെ തടയാൻ ശ്രമിച്ച് സൗജന്യമായി ഭക്ഷണം വാഗ്ദാനം ചെയ്തു. തൊഴിലാളികളുടെ അപേക്ഷ നിരസിച്ച് ഉടൻ തന്നെ ഫോണിൽ ബന്ധപ്പെട്ട് നഗരസഭയിൽ പരാതിപ്പെടുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. അർധരാത്രിയിലാണ് താൻ പരാതി നൽകിയത്. നഗരസഭാ ഉദ്യോഗസ്ഥർ എത്തുന്നതിനു മുമ്പായി സ്ഥാപനം അടച്ച് ജീവനക്കാർ സ്ഥലം വിട്ടു. പിറ്റേ ദിവസം രാവിലെയാണ് നഗരസഭാ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ പരിശോധന നടത്തിയത്. അന്ന് പരിശോധന നടത്തിയ സ്ഥാപനത്തിൽ നിയമ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതർ തന്നെ അറിയിച്ചു. എന്നാൽ പിറ്റേദിവസം സ്ഥാപനത്തിൽ മിന്നൽ പരിശോധന നടത്തിയ നഗരസഭാധികൃതർ റസ്റ്റോറന്റിൽ ഏതാനും നിയമ ലംഘനങ്ങൾ കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തതായി നഗരസഭ തന്നെ ഫോണിൽ അറിയിച്ചതായും സൗദി പൗരൻ പറഞ്ഞു.
ഭക്ഷണത്തിൽ പ്രാണികളെ കണ്ടെത്തിയതായി സൗദി പൗരന്റെ പരാതി ലഭിച്ചയുടൻ തന്നെ നഗരസഭാ സംഘം റസ്റ്റോറന്റിൽ പരിശോധന നടത്തിയെങ്കിലും നിയമ ലംഘനങ്ങളൊന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് മക്ക നഗരസഭ അറിയിച്ചു. തൊട്ടടുത്ത ദിവസം വൈകിട്ട് നടത്തിയ മിന്നൽ പരിശോധനയിൽ ഏതാനും നിയമ ലംഘനങ്ങൾ കണ്ടെത്തി. ഇതിന് സ്ഥാപനത്തിന് പിഴ ചുമത്തി. ഇക്കാര്യം പരാതിക്കാരനെ ഫോണിൽ അറിയിച്ചതായും നഗരസഭ പറഞ്ഞു.