Sorry, you need to enable JavaScript to visit this website.

തായിഫിൽ വെള്ളക്കെട്ടിൽ വീണ് മരിച്ചത് യെമനി ദമ്പതികൾ 

ജിസാൻ അൽറൈഥിലെ വാദി ലജബിൽ മുങ്ങിമരിച്ച സൗദി യുവാവിന്റെ മൃതദേഹം സിവിൽ ഡിഫൻസ് അധികൃതരും സന്നദ്ധ പ്രവർത്തകരും ചേർന്ന് നീക്കം ചെയ്യുന്നു.

തായിഫ് - കിഴക്കൻ തായിഫിൽ അൽറുദഫ് പാർക്കിനു സമീപം ഗദീറുൽബനാത് വെള്ളക്കെട്ടിൽ വീണ് മരിച്ചത് യെമനി ദമ്പതികൾ. ഇരുവരുടെയും മൃതദേഹങ്ങൾ കഴിഞ്ഞദിവസം സിവിൽ ഡിഫൻസ് അധികൃതർ പുറത്തെടുത്തിരുന്നു. ഇവർക്കൊപ്പമുള്ള രണ്ടു കുട്ടികളെ കാറിൽനിന്ന് കണ്ടെത്തിയിരുന്നു. ഗദീറുൽബനാത്തിനു സമീപം ദീർഘ നേരമായി നിർത്തിയിട്ട കാറിനകത്ത് രണ്ടു കുട്ടികളുള്ളതായി സൗദി പൗരൻ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നെന്ന് മക്ക പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് കേണൽ സഈദ് സർഹാൻ പറഞ്ഞു. ഉടൻ സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിൽ കാറിനകത്ത് രണ്ടും മൂന്നും വയസ് പ്രായം വീതമുള്ള രണ്ടു കുട്ടികളെ കണ്ടെത്തി. 
കാറിനു സമീപം മറ്റാരെയും കാണാൻ കഴിഞ്ഞില്ല. എന്നാൽ വാഹനത്തിനു സമീപം സ്ത്രീയുടെ പാദരക്ഷയും ബ്രഷും കണ്ടെത്തി. സൂക്ഷ്മ പരിശോധനയിൽ വെള്ളക്കെട്ട് ലക്ഷ്യമാക്കി നടന്നുനീങ്ങിയ കാൽപാടുകളും കണ്ടെത്തി. തുടർന്ന് വെള്ളക്കെട്ടിൽ നടത്തിയ പരിശോധനയിൽ യുവതിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. യുവതിക്കൊപ്പം കൂടുതൽ പേർ വെള്ളത്തിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ സിവിൽ ഡിഫൻസ് അധികൃതർ പരിശോധന തുടരുകയായിരുന്നു. പതിനെട്ടു മണിക്കൂർ നീണ്ട തിരച്ചിലിലൂടെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂടുതൽ പേർ അപകടത്തിൽ മരിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി ഗദീറുൽബനാത്തിലെ തിരച്ചിൽ സിവിൽ ഡിഫൻസ് അധികൃതർ ഇന്നലെ ഉച്ചയോടെ അവസാനിപ്പിച്ചു.
അതിനിടെ, ജിസാൻ അൽറൈഥിലെ വാദി ലജബിൽ സൗദി യുവാവ് വെള്ളത്തിൽ മുങ്ങിമരിച്ചു. സിവിൽ ഡിഫൻസിനു കീഴിലെ മുങ്ങൽ വിദഗ്ധർ വെള്ളക്കെട്ടിൽ നിന്ന് 28 കാരന്റെ മൃതദേഹം പുറത്തെടുത്തു. സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെയാണ് സിവിൽ ഡിഫൻസ് അധികൃതർ വാദി ലജബിൽ യുവാവിനു വേണ്ടി തിരച്ചിൽ നടത്തിയത്. മൃതദേഹം അൽറൈഥ് ജനറൽ ആശുപത്രിയിലേക്ക് നീക്കിയതായി ജിസാൻ സിവിൽ ഡിഫൻസ് വക്താവ് ലെഫ്. കേണൽ യഹ്‌യ അൽഖഹ്താനി പറഞ്ഞു. 
മക്ക അൽറാശിദിയ ഡിസ്ട്രിക്ടിൽ ഇസ്തിറാഹയിലെ നീന്തൽകുളത്തിൽ വിദേശ യുവാവും മുങ്ങിമരിച്ചു. ഇരുപത്തിമൂന്ന് വയസ് പ്രായമുള്ള ബർമക്കാരനാണ് മരിച്ചത്. വെള്ളത്തിൽ മുങ്ങിത്താണ യുവാവിനെ മറ്റുള്ളവർ ചേർന്ന് സമീപത്തെ സ്വകാര്യ പോളിക്ലിനിക്കിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോളിക്ലിനിക്ക് അധികൃതരാണ് സംഭവത്തെ കുറിച്ച് സുരക്ഷാ വകുപ്പുകളിൽ വിവരമറിയിച്ചത്. 

 

Latest News