എടക്കര- പ്രക്യതിദുരന്തങ്ങളിലും മറ്റു നിയമകുരുക്കിലുമകപ്പെട്ട് രാജ്യത്തെ വിവിധയിടങ്ങളിലുള്ള ജനങ്ങളെ നിന്ദിതരും പീഡിതരുമാക്കി ആട്ടിയകറ്റാതെ മുഖ്യധാരയിൽ ചേർത്തു നിർത്തുകയാണ് പൊതുസമൂഹവും ഭരണാധികാരികളും ചെയ്യേണ്ടതെന്ന് കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ,പി അബൂബക്കർ മുസ്ലിയാർ. എടക്കരയിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടന നിർമിച്ചു നൽകുന്ന വീടുകളുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ മുഖ്യധാരയിൽ പാർശ്വവത്ക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തുകയെന്ന ദൗത്യനിർവഹണത്തിന്റെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് ഈ സഹായ വിതരണം നടത്തുന്നത്. പുനരധിവാസ പ്രവർത്തനങ്ങക്കായി മർകസ് ഉൾപ്പെടെയുള്ള സുന്നി സ്ഥാപനങ്ങളും ജീവനക്കാരും അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടു വന്നിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥ പ്രമുഖരും ന്യായാധിപരും വൻകിട ബിസിനസ് പ്രമുഖരും പാവങ്ങളുടെ കണ്ണിരൊപ്പാൻ മുന്നിട്ടിറങ്ങണം. എല്ലാം നഷ്ടപ്പെട്ട് ഉപജിവനം മാർഗം പോലും ഇല്ലാതായ ചെറുകിട കച്ചവടക്കാരെ സഹായിക്കാനായി 'മഈശ ' പദ്ധതിയും എസ്.വൈ.എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപ്പാക്കും. ദുരിതത്തിലും നിയമക്കുരുക്കിലും അകപ്പെട്ടവർക്ക് സാന്ത്വനമേകാനും നിയമ സഹായം നൽകാനും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കാനും നാം ഒറ്റക്കെട്ടായി നില നിൽക്കണമെന്നും കാന്തപുരം പറഞ്ഞു. പ്രളയ നാളുകളിൽ കേരളീയ ജനത ഉയർത്തിപ്പിടിച്ച മാനവിക ഐക്യം ഏവർക്കും മാതൃകയാണ്. ഇതു നിലനിർത്താൻ സുന്നി സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
പ്രളയ ഉരുൾപൊട്ടൽ ദുരിതബാധിതരായ 441 കുടുംബങ്ങൾക്ക് അടിയന്തിര സാമ്പത്തിക സഹായം നൽകി. അടിയന്തിര ദുരിതാശ്വാസ സാമ്പത്തിക സഹായ വിതരണോദ്ഘാടനം പി.വി അബ്ദുൽ വഹാബ് എം.പി, പി.വി അൻവർ എ.എൽ.എ, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സെക്രട്ടറി മജീദ് കക്കാട് എന്നിവർ ചേർന്ന് നിർവഹിച്ചു. കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ദുരിത പ്രദേശങ്ങളിൽ മികച്ച സേവനം നടത്തിയ മുഹമ്മദ് ബഷീർ കളത്തിപ്പറമ്പിലിനെ ഷാളണിയിച്ച് കാന്തപുരം അനുമോദിച്ചു. സി.പി സൈതലവി ചെങ്ങര, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, പി.എം മുസ്തഫ കോഡൂർ, കെ.പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി.എസ് ഫൈസി വഴിക്കടവ്, അലവിക്കുട്ടി ഫൈസി എടക്കര, കെ.പി ജമാൽ കരുളായി, എം. അബ്ദുർ റഹ്മാൻ, കെ.ടി അബ്ദുർറഹ്മാൻ, ബശീർ ചെല്ലക്കൊടി സിദീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്‌ലിയാർ ചാലിയാർ എന്നിവർ സംബന്ധിച്ചു.