കൊച്ചി - പാലാരിവട്ടം മേൽപാലം നിർമാണ അഴിമതിക്കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ.സൂരജ് അടക്കം നാലു പ്രതികളേയും മൂവാറ്റുപുഴ വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടു.
എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി ആർ.അശോക് കുമാർ കഴിഞ്ഞ 31 ന് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് കാണിച്ച് കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഇതിന്മേൽ ഇന്നലെയാണ് കോടതി വാദം കേട്ടത്. തുടർന്ന് രൂക്ഷ പരാമർശത്തോടെ നാലു പ്രതികളേയും മൂന്നു ദിവസം കസ്റ്റഡിയിൽ വിടാൻ ഉത്തരവിടുകയായിരുന്നു. ഇന്നലെ വൈകിട്ട് 4 മുതൽ വ്യാഴം വൈകിട്ട് 4 വരെയാണ് കസ്റ്റഡി കാലാവധി. പ്രതികളിൽ ആർക്കെങ്കിലും ഈ കാലയളവിൽ വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കണമെന്ന് ഉത്തരവിലുണ്ട്. വെള്ളിയാഴ്ച അറസ്റ്റിലായ ടി.ഒ.സൂരജ്, നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട്‌സ് എം.ഡി സുമിത് ഗോയൽ, കിറ്റ്‌കോ മുൻ എം.ഡി ബെന്നി പോൾ, ആർ.ബി.ഡി.സി.കെ അസിസ്റ്റന്റ് ജനറൽ മാനേജർ പി.ഡി.തങ്കച്ചൻ എന്നിവരെയാണ് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടത്. അഴിമതി രാജ്യത്തിന്റെ നട്ടെല്ലിനെ കാർന്നു തിന്നുകൊണ്ടിരിക്കുകയാണെന്ന് വിജിലൻസ് കോടതി ജഡ്ജി ബി.കലാം പാഷ ഉത്തരവിൽ പറയുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ബന്ധമുള്ള വിഷയമായതിനാൽ ഈ കേസ് ലഘുവായി കാണാൻ കഴിയില്ല. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവെടുക്കേണ്ടത് ആവശ്യമാണെന്നും
ഉത്തരവ് വ്യക്തമാക്കുന്നു. പാലത്തിന്റെ ഗർഡർ, തൂണുകൾ തുടങ്ങിയവയിൽ നിന്നും എടുത്ത് കോൺക്രീറ്റ് സ്ലാബുകളിൽ 20 ശതമാനം മാത്രമാണ് ബലമുള്ളതെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന 80 ശതമാനവും ബലം താങ്ങാൻ കഴിയുന്നതല്ല. കേസന്വേഷണം തുടക്കത്തിൽ മാത്രമാണ്. വളരെ സുപ്രധാന വിവരങ്ങൾ പ്രതികളിൽ നിന്ന് ലഭിച്ചാലേ അഴിമതിയുടെ വ്യാപ്തി എത്രയുണ്ടെന്ന് അറിയാൻ കഴിയൂ. ഇതുമായി ബന്ധമുള്ള മറ്റു പ്രതികളുടെ പങ്കും അന്വേഷിക്കണം. പ്രതികളുടെ സാമ്പത്തിക ഉറവിടത്തെ കുറിച്ച് അറിയേണ്ടതുണ്ട്. വിജിലൻസ് പിടിച്ചെടുത്ത 147 രേഖകൾ പ്രതികളുടെ സാന്നിധ്യത്തിൽ വീണ്ടും പരിശോധന നടത്തിയുള്ള അന്വേഷണം ആവശ്യമാണെന്നും ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. ഇരു ഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്. അന്വേഷണ സംഘം നാലു ദിവസമാണ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം കുറച്ചാണ് കോടതി അനുമതി നൽകിയത്. ഉച്ചയ്ക്ക് 12.30 ഓടെ കോടതി നടപടികൾ അവസാനിച്ചതിനെ തുടർന്ന് നാലു പ്രതികളേയും വീണ്ടും മൂവാറ്റുപുഴ സബ് ജയിലിലേക്ക് കൊണ്ടുപോയി. കോടതി നിർദേശിച്ച വൈകിട്ട് 4 ന് അന്വേഷണ സംഘം ജയിലിൽ എത്തി ഇവരെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി വിജിലൻസിന്റെ എറണാകുളത്തെ ഓഫീസിലേക്ക് കൊണ്ടുപോയി. കസ്റ്റഡി സമയം കഴിയുന്നതോടെ വ്യാഴാഴ്ച വൈകിട്ട് നാലിന് നാലു പ്രതികളേയും കോടതിയിൽ ഹാജരാക്കണം. പ്രതികളുടെ ജാമ്യാപേക്ഷ ആറിന് രാവിലെ 10 ന് വാദം കേൾക്കാൻ കോടതി തീരുമാനിച്ചു.