തേഞ്ഞിപ്പലം - കാലിക്കറ്റ് സർവകലാശാല കാമ്പസ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയൻ തെരഞ്ഞെടുപ്പ് ആവേശച്ചൂടിൽ. ഈമാസം അഞ്ചിനാണ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയനിലേക്കും സർവകലാശാലയ്ക്കു കീഴിൽ അഞ്ചു ജില്ലകളിലായി വരുന്ന അംഗീകൃത കോളേജ് യൂനിയനുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്.
സർവകലാശാല കാമ്പസിലെയും തൃശൂർ ജോൺ മത്തായി സെന്ററിലെയും 1858 വിദ്യാർഥികളാണ് ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയൻ തെരഞ്ഞെടുപ്പിലെ വോട്ടർമാർ. രണ്ടു യു.യു.സി ഉൾപ്പെടെ ഒമ്പതു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങിയതിനു ശേഷം ഓഗസറ്റ് 27ന് കാമ്പസിലെ പഠന വിഭാഗങ്ങൾ കേന്ദ്രീകരിച്ചും മറ്റു പൊതു ഇടങ്ങളിലുമായി തെരഞ്ഞെടുപ്പ് കാമ്പയിൻ സജീവമായി പുരോഗമിക്കുകയാണ്. എസ്.എഫ്.ഐയ്ക്ക് പുറമെ യു.ഡി.എസ്.എഫ്, ഫ്രറ്റേണിറ്റി സംഘടനകളാണ് ഇത്തവണ മത്സര രംഗത്തുള്ളത്.
അഞ്ചിനു രാവിലെ 9.30ന് കാമ്പസിലെ ആര്യഭട്ട ഹാളിൽ വോട്ടെടുപ്പ് തുടങ്ങും. ഉച്ചയോടെ വോട്ടെണ്ണി വൈകീട്ട് നാലോടെ ഫലം പ്രഖ്യാപിക്കും. സർവകലാശാല കംപ്യൂട്ടർ സയൻസ് പഠന വിഭാഗം അധ്യാപകൻ ഡോ.ലജീഷ് ആണ് റിട്ടേണിംഗ് ഓഫീസർ. തെരഞ്ഞെടുപ്പ് കാമ്പയിനിൽ ദേശീയ രാഷ്ട്രീയം മുതൽ കാമ്പസിലെ പ്രശ്‌നങ്ങൾ വരെ വിഷയങ്ങളാണ്. ഒപ്പം സർഗാത്മക പ്രവർത്തനങ്ങളുമുണ്ട്.
അതേസമയം, വർഷങ്ങളായി യൂനിയൻ കയ്യാളുന്ന എസ്.എഫ്.ഐക്കെതിരെയുള്ള വിഷയങ്ങളാണ് യു.ഡി.എസ്.എഫ് പ്രചാരണ ആയുധമാക്കുന്നത്. ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഫൈനാർട്‌സ് സെക്രട്ടറി, എഡിറ്റർ, ജനറൽ ക്യാപ്റ്റൻ, രണ്ടു യു.യു.സി എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. എസ്.എഫ്.ഐക്കൊപ്പം മറ്റു വിദ്യാർഥി സംഘടനകളും മുഴുവൻ സീറ്റുകളിലേക്കും സ്ഥാനാർഥികളെ നിർത്തി സജീവമായി മത്സര രംഗത്തുണ്ട്. സർവകലാശാലാ പരിധിയിൽ വരുന്ന പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ അംഗീകൃത കോളേജുകളിലും യൂനിയൻ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാണ്.
കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ, മുഴുവൻ വിദ്യാർഥികളെയും നേരിൽ കണ്ടു വോട്ടഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും സംഘടനാ പ്രവർത്തകരും. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കിയെടുക്കാനുള്ള പരിശ്രമത്തിലാണ് സംഘടനാ നേതൃത്വം. എന്നാൽ കഴിഞ്ഞ 15 വർഷമായി സർവകലാശാലാ ഡിപ്പാർട്ട്‌മെന്റ് സ്റ്റുഡന്റ്‌സ് യൂനിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്‌ഐക്കായിരുന്നു വിജയം.