ജിദ്ദ- സൗദിയില്‍ ആദ്യമായി പൊതു വിദ്യാലയങ്ങളിലെ കെ.ജി, പ്രാഥമിക ക്ലാസുകളിലെ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപികമാര്‍. രാജ്യത്തുടനീളം 1,460 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് വനിതാ അധ്യാപകരെ നിയമിച്ചിട്ടുള്ളത്. രാജ്യത്തെ വിദ്യാര്‍ത്ഥികളില്‍ മൊത്തം ആണ്‍കുട്ടികളുടെ 13.5 ശതമാനം പേര്‍ക്കും അധ്യാപികമാരുടെ സേവനം ലഭിക്കും. ഇതുവഴി വിദ്യാഭ്യാസ ബജറ്റില്‍ രണ്ടു ബില്യണ്‍ റിയാല്‍ ലാഭിക്കാനാകുമെന്നാണ് കണക്ക്. സൗദിയിലെ സ്വകാര്യ സ്‌കുളുകളില്‍ വര്‍ഷങ്ങളായി പ്രാഥമിക ക്ലാസുകളില്‍ ആണ്‍കുട്ടികളെ പഠിപ്പിക്കാന്‍ വനിതാ അധ്യാപകരുണ്ട്.
പുതിയ ബാല സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരം. കിന്‍ഡര്‍ഗാര്‍ട്ടനുകളിലെ 4-5 പ്രായമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും, ആദ്യ മൂന്ന് പ്രാഥമിക ക്ലാസുകളിലെ 6-8 വയസ്സുള്ള വിദ്യാര്‍ത്ഥികളുമാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്. ഇളം പ്രായത്തില്‍ വളരെ നേരത്തെ തന്നെ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഈ കുട്ടികള്‍ക്ക് ഉറപ്പു വരുത്തകയും വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുകയുമാണ് ഈ പദ്ധതി കൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ജിദ്ദയിലെ പൊതുവിദ്യാഭ്യാസ അസിസ്റ്റന്റ് ഡയറക്ടര്‍ സുആദ് അല്‍ മന്‍സൂര്‍ പറഞ്ഞു.
പ്രാഥമിക തലത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്ന ക്ലാസുകള്‍ ഉണ്ടാവില്ലെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികളും, ശുചിമുറികളും മറ്റും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 1,460 ഏളി എജുക്കേഷന്‍ സ്‌കൂളുകളുണ്ട്. 83,000 കെ ജി വിദ്യാര്‍ത്ഥികള്‍ക്കായി 3,313 ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിക്കുന്നതോടൊപ്പം പൊതു വിദ്യാലയ കെട്ടിടങ്ങളില്‍ ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താനും മന്ത്രാലയം ലക്ഷ്യമിടുന്നു. ഇതു വഴി പൊതു വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ കൂട്ടികളെ ആകര്‍ഷിക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കുട്ടികളുടെ പ്രാരംഭ വിദ്യാഭ്യാസ കാലഘട്ടം വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ വളരെ പ്രധാനപ്പെട്ടതാണെന്നും വനിതാ അധ്യാപകരോടാണ് കുട്ടികള്‍ കൂടുതല്‍ ഇണങ്ങുക എന്നും അല്‍ മന്‍സൂര്‍ സൂചിപ്പിച്ചു.