ദുബായ്- തുഷാര്‍ വെള്ളാപ്പള്ളി ചെക്ക് കേസില്‍ പ്രചരിക്കുന്ന വാട്‌സാപ് സന്ദേശങ്ങള്‍ തന്റേത് തന്നെയാണെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല സ്ഥിരീകരിച്ചു. കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുളള ഒരാളുടെ പക്കലായിരുന്നു. ഇത് പണം നല്‍കി തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുളളത്. പുറത്തുവന്ന സംഭാഷണം പൂര്‍ണമല്ലെന്നും നാസില്‍ അബ്ദുല്ല പറയുന്നു.
അഞ്ചുലക്ഷം രൂപ നല്‍കി തുഷാറിന്റെ ഒപ്പുള്ള ചെക്കു വാങ്ങുന്ന കാര്യം നാസില്‍ സുഹൃത്തിനോടു പറയുന്നതായുള്ള ശബ്ദസന്ദേശമാണ് പുറത്തുവന്നത്. മറ്റൊരാള്‍ക്കു അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യില്‍ കിട്ടുമെന്നാണ് നാസില്‍ സുഹൃത്തിനോടു പറയുന്നത്.
തുഷാര്‍ കുടുങ്ങിയാല്‍ വെള്ളാപ്പള്ളി നടേശന്‍ പണം തരുമെന്നും നാസില്‍ പറയുന്നു. യുഎഇയില്‍ തുഷാര്‍ വെള്ളപ്പാള്ളി പലരേയും വിശ്വാസത്തിലെടുത്തു ബ്‌ളാങ്ക് ചെക്കില്‍ ഒപ്പിട്ടുകൊടുത്തുവെന്നും നാസില്‍ പറയുന്നുണ്ട്. തുഷാര്‍ ദുബായിലെത്തി അറസ്റ്റിലാകുന്നതിനു മുന്‍പാണ് നാസില്‍ സുഹൃത്തിനോടു സംസാരിക്കുന്നതെന്നും സന്ദേശത്തില്‍ വ്യക്തമാണ്.
അതേസമയം സത്യം തെളിഞ്ഞെന്ന് വെളളാപ്പളളി നടേശന്‍ പ്രതികരിച്ചു. തുഷാര്‍ നിരപരാധിയാണ്. നീതികിട്ടുമെന്നതില്‍ സംശയമില്ലെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു.