റിയാദ്- അഴിമതി വിരുദ്ധ പോരാട്ടത്തിന് സൂപ്പർവൈസറി കമ്മിറ്റി രൂപീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകിയതായി ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ പ്രസിഡന്റ് മാസിൻ അൽകഹ്‌മോസ് വെളിപ്പെടുത്തി.
ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ പ്രസിഡന്റ് അധ്യക്ഷനായ കമ്മിറ്റിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മേധാവിയും കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് പ്രസിഡന്റും അംഗങ്ങളാണ്. ധന, ഭരണ അഴിമതികൾ ഇല്ലാതാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കമ്മിറ്റി സ്വീകരിക്കുകയും അഴിമതി കേസുകളിൽ വിചാരണ വേഗത്തിലാക്കുന്നത് ഉറപ്പുവരുത്തുന്ന നിലക്ക് അഴിമതി വിരുദ്ധ പോരാട്ടവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയും ചെയ്യും. അഴിമതി വിരുദ്ധ പോരാട്ട മേഖലയിലെ പുരോഗതികളെ കുറിച്ച് സൽമാൻ രാജാവിന് കമ്മിറ്റി പതിവായി റിപ്പോർട്ടുകൾ സമർപ്പിക്കുമെന്നും ദേശീയ അഴിമതി വിരുദ്ധ കമ്മീഷൻ പ്രസിഡന്റ് മാസിൻ അൽകഹ്‌മോസ് പറഞ്ഞു.