റിയാദ്- അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കള്‍ ഭക്ഷണത്തിലുണ്ടെങ്കില്‍ റെസ്‌റ്റോറന്റുകളിലെ മെനുവില്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കുന്നു. ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. ഭക്ഷണങ്ങളില്‍ അടങ്ങിയ ഇത്തരം വസ്തുക്കള്‍ റെസ്റ്റോറന്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ മെനു പട്ടികയില്‍ തന്നെ വെളിപ്പെടുത്തണമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.
ഭക്ഷണങ്ങളിലെ ചേരുവകളെ കുറിച്ച ശരിയായ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാനാണ് പുതിയ വ്യവസ്ഥ നിര്‍ബന്ധമാക്കുന്നത്. സെപ്റ്റംബര്‍ 30 വരെ സ്ഥാപനങ്ങള്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. അടുത്ത മാസം ഒന്നു മുതല്‍ ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവുമായി സഹകരിച്ച് നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളെയും ബന്ധപ്പെട്ട വകുപ്പുകളെയും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
ഭക്ഷണ പാനീയങ്ങളില്‍ അടങ്ങിയ കലോറി ഉപയോക്താക്കള്‍ക്കു മുന്നില്‍ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയും മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയവും സഹകരിച്ച് ജനുവരി ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഭക്ഷണങ്ങള്‍ക്കൊപ്പം വിതരണം ചെയ്യുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, സോസുകള്‍, കേക്കുകള്‍ അടക്കമുള്ള വസ്തുക്കളിലെ കലോറികളും ഉപയോക്താക്കള്‍ക്കു മുന്നില്‍ വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. ഭക്ഷണപാനീയങ്ങളുടെ മെനു പട്ടികയില്‍ തന്നെ ഓരോ ഭക്ഷണ പാനീയങ്ങളിലും അടങ്ങിയ കലോറി രേഖപ്പെടുത്തല്‍ നിര്‍ബന്ധമാണ്. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഒരു ദിവസം ആവശ്യമായ കലോറിയും മെനു പട്ടികയില്‍ വിശദീകരിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. കലോറി കുറഞ്ഞ, അനുയോജ്യമായ ഭക്ഷണ പാനീയങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് പുതിയ വ്യവസ്ഥ ഉപയോക്താക്കളെ സഹായിക്കുന്നു.