Sorry, you need to enable JavaScript to visit this website.

ഇഖാമ നമ്പറിൽ അജ്ഞാതർ സിം കാർഡെടുത്ത് തട്ടിപ്പ്; മലയാളി എന്‍ജിനീയര്‍ നിയമക്കുരുക്കില്‍

റിയാദ്- തന്റെ ഇഖാമ നമ്പറിൽ മറ്റാരോ എടുത്ത സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ പേരിൽ റിയാദിൽ മലയാളി എൻജിനീയർ അറസ്റ്റിലായി. മലപ്പുറം ആതവനാട് കുറ്റിക്കാട്ടിൽ വാഹിദ് ആണ് നിയമക്കുരുക്കിലായത്. നിരപരാധിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന് ജാമ്യം നൽകി. 
10 ലക്ഷം റിയാലിന്റെ സമ്മാനം അടിച്ചിട്ടുണ്ടെന്ന് സന്ദേശം നൽകി സ്വദേശി പൗരന്റെ 9500 റിയാൽ തട്ടിയെടുത്തെന്നാണ് കേസ്.  സ്വകാര്യ കമ്പനിയിൽ ഇലക്ട്രോണിക് എൻജിനീയറാണ് വാഹിദ്. 
ഇഖാമ പുതുക്കുന്നതിന് കമ്പനി ശ്രമിച്ചപ്പോഴാണ് ജവാസാത്തുമായി ബന്ധപ്പെടാൻ സന്ദേശം ലഭിച്ചത്. ജവാസാത്തിലെത്തി കാര്യമന്വേഷിച്ചപ്പോൾ സിം കാർഡിന്റെ പേരിൽ കേസുണ്ടെന്നും വാദി ലബൻ പോലീസിൽ ഹാജരാകണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 
ബത്ഹയിൽനിന്ന് ഫ്രന്റി മൊബൈൽ കമ്പനിയുടെ സിം കാർഡ് തന്റെ ഇഖാമയും വിരലടയാളവും നൽകി നാലു മാസം മുമ്പ് വാഹിദ് എടുത്തിരുന്നു. രണ്ടു മാസത്തിന് ശേഷം ഇഖാമയിൽ ആറ് സിം കണ്ടെത്തിയതിനാൽ ഫ്രന്റി ഓഫീസിൽ പോയി ഇത് ഒഴിവാക്കി. 
ഇഖാമ പുതുക്കാതായതിനെ തുടർന്ന് പരിശോധിച്ചപ്പോൾ പുതിയ ഒമ്പത് സിം കൂടി എടുത്തതായി കണ്ടു. ഇതിലൊന്നാണ് തട്ടിപ്പുകാർ ഉപയോഗിച്ചത്. തുടർന്ന് നേരത്തെ സിം കാർഡ് ഒഴിവാക്കിയതിന്റെ രേഖകളുമായി വാദി ലബൻ പോലീസിൽ ഹാജരായി. മൊബൈൽ ഫോ ൺ അടക്കമുള്ളവ കസ്റ്റഡിയിലെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 10 ലക്ഷം റിയാൽ അടിച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്നതിന് 9500 റിയാൽ അയച്ചുതരണമെന്നും ഈ നമ്പറിൽനിന്ന് വിളിച്ചുപറയുകയും 9500 റിയാൽ അയച്ചുകൊടുക്കുകയും പക്ഷേ സമ്മാനമൊന്നും ലഭിച്ചില്ലെന്നും ഒരു സ്വദേശി പൗരൻ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വാഹിദിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് പരിശോധിച്ചപ്പോൾ പണം സ്വീകരിച്ചതിന് തെളിവുണ്ടായില്ല. 
ബന്ധുക്കൾ എംബസിയിൽ പരാതി നൽകുകയും എംബസി കെ.എം.സി.സി നേതാവ് സിദ്ദീഖ് തുവ്വൂരിനെ കേസിലിടപെടാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വാദി ലബൻ പോലീസ് മേധാവിയെ നേരിൽ കണ്ട് വാഹിദിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തി ജാമ്യത്തിലിറക്കി. സിം കാർഡ് ദുരുപയോഗം ധാരാളം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ ജാഗ്രത പാലിക്കണമെന്നു സാമൂഹിക പ്രവർത്തകർ പറഞ്ഞു.


 

Latest News