അബുദാബി- രണ്ടു മാസത്തെ മധ്യവേനല്‍ അവധിക്കുശേഷം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ വീണ്ടും ക്ലാസ്സ്മുറികളിലെത്തിയതോടെ സ്‌കൂളുകള്‍ വീണ്ടും സജീവമായി. യു.എ.ഇയില്‍ തദ്ദേശീയ, രാജ്യാന്തര സിലബസ് പിന്തുടരുന്ന സ്‌കൂളുകളില്‍ ഞായറാഴ്ച അധ്യയനം ആരംഭിച്ചു. ഇവര്‍ക്ക് ഇത് പുതിയ അക്കാദമിക വര്‍ഷമാണ്. എന്നാല്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കുന്നവര്‍ രണ്ടാം പാദത്തിലേക്കുള്ള പഠനം തുടരാനാണ് എത്തുക.
നാട്ടില്‍ പോയ ഭൂരിഭാഗവും കുടുംബങ്ങളും ഇതിനോടകം മടങ്ങിയെത്തിക്കഴിഞ്ഞു. വിമാന ടിക്കറ്റ് വര്‍ധനമൂലം യാത്ര വൈകിച്ച ചിലര്‍ ഈ ആഴ്ച തിരിച്ചെത്തും. ഹിജ്‌റ പുതുവര്‍ഷം പ്രമാണിച്ച് ശനിയാഴ്ച അവധിയായതിനാല്‍ തയാറെടുപ്പുകള്‍ക്ക് സമയം ലഭിച്ചു. സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും വാങ്ങാന്‍ ഇന്നലെയും കടകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
റോഡിലെ തിരക്ക് കണക്കിലെടുത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. റോഡ് മുറിച്ചുകടക്കാന്‍ പലേടത്തും പോലീസ് കുട്ടികളെ സഹായിച്ചു.