സകാക്ക- പോലീസുകാർക്കു നേരെ നിറയൊഴിച്ച പ്രതിക്ക് പ്രത്യാക്രമണത്തിൽ പരിക്കേറ്റതായി അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പശ്ചിമ സകാക്കയിലെ ബൈദാ അൽതുവൈർ ഡിസ്ട്രിക്ടിൽ വീട്ടിനകത്തുനിന്ന് വെടിവെപ്പ് നടത്തുന്ന പ്രതിയെക്കുറിച്ച് പോലീസിൽ വിവരം ലഭിക്കുകയായിരുന്നു. അന്വേഷണാർഥം സ്ഥലത്തെത്തിയ പോലീസുകാർക്കു നേരെയും പ്രതി നിറയൊഴിച്ചു. വീട്ടിൽനിന്ന് പുറത്തിറങ്ങി രക്ഷപ്പെടുന്നതിനിടെയാണ് പ്രതി പോലീസുകാർക്കു നേരെ വെടിവെപ്പ് നടത്തിയത്.
പോലീസുകാർ തിരിച്ചും വെടിവെച്ചു. ഇതിനിടെയാണ് പ്രതിക്ക് പരിക്കേറ്റത്. പ്രതിയുടെ കാലിനാണ് വെടിയേറ്റത്. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പ് നടത്തുന്നതിന് ഉപയോഗിച്ച തോക്കും രണ്ടു കത്തികളും പ്രതിയുടെ പക്കൽ കണ്ടെത്തിയതായി അൽജൗഫ് പോലീസ് വക്താവ് ലെഫ്. കേണൽ യസീദ് അൽനോമസ് പറഞ്ഞു.
മറ്റൊരു സംഭവത്തിൽ, കിഴക്കൻ റിയാദിൽ അൽനഹ്ദ ഡിസ്ട്രിക്ടിൽ ആഘോഷ ചടങ്ങിനിടെ ആകാശത്തേക്ക് നിറയൊഴിച്ച സൗദി പൗരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. അൽനഹ്ദ ഡിസ്ട്രിക്ടിൽനിന്ന് വെടിയൊച്ച കേട്ടതായി ബുധനാഴ്ച വൈകിട്ട് 6.45 ന് ആണ് സുരക്ഷാ വകുപ്പുകൾക്ക് വിവരം ലഭിച്ചത്. തുടർന്ന് അന്വേഷണം നടത്തി വെടിവെപ്പുണ്ടായ വീട് നിർണയിച്ചാണ് വീട്ടുടമയെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തത്. 60 വയസ്സ് പ്രായമുള്ള സൗദി പൗരനാണ് അറസ്റ്റിലായതെന്നും പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും റിയാദ് പോലീസ് വക്താവ് ലെഫ്. കേണൽ ശാക്കിർ അൽതുവൈജിരി അറിയിച്ചു.