റിയാദ് - കിംഗ് ഫൈസൽ അന്താരാഷ്ട്ര അവാർഡിനുള്ള നാമനിർദേശങ്ങൾ സ്വീകരിക്കാൻ തുടങ്ങിയതായി കിംഗ് ഫൈസൽ അവാർഡ് സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് അൽസുബൈൽ അറിയിച്ചു. മുസ്‌ലിം സമൂഹത്തെ സ്വാധീനിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിലൂടെ ആശയ, പ്രായോഗിക തലങ്ങളിൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും സേവനങ്ങൾ നൽകുന്നതിൽ മുൻനിര പങ്ക് വഹിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് ഇസ്‌ലാമിക സേവന മേഖലയിലെ അവാർഡ്. കമ്മിറ്റി പ്രഖ്യാപിച്ച വിഷയങ്ങളിൽ മികച്ച സംഭാവനകൾ നൽകുന്നവർക്ക് മറ്റു നാലു മേഖലകളിലും പുരസ്‌കാരം നൽകും. യൂനിവേഴ്‌സിറ്റികൾ, സയൻസ് സെന്ററുകൾ, ഇൻസ്റ്റിറ്റിയൂട്ടുകൾ എന്നിവയിൽനിന്നാണ് അവാർഡിനുള്ള നാമനിർദേശങ്ങൾ സ്വീകരിക്കുക. 2020 മാർച്ച് 31 വരെ നോമിനേഷനുകൾ സ്വീകരിക്കും. തപാലിലും ഇ-മെയിലിലും കിംഗ് ഫൈസൽ അവാർഡ് വെബ്‌സൈറ്റ് വഴിയും നാമനിർദേശങ്ങൾ സ്വീകരിക്കുമെന്നും ഡോ. അബ്ദുൽ അസീസ് അൽസുബൈൽ പറഞ്ഞു.
ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം, വൈദ്യശാസ്ത്രം, ശാസ്ത്രം എന്നീ അഞ്ച് വിഭാഗങ്ങളിലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിവരുന്നത്. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്ക് രണ്ട് ലക്ഷം ഡോളർ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. വിജയികൾക്ക് 200 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വർണ മെഡലും സർട്ടിഫിക്കറ്റുകളും ലഭിക്കും. പുരസ്‌കാരങ്ങൾ പങ്കിടുന്നവർക്ക് കാഷ് പ്രൈസ് വീതിച്ചു നൽകുകയാണ് പതിവ്. 1979 (ഹിജ്‌റ 1399) മുതലാണ് കിംഗ് ഫൈസൽ അവാർഡുകൾ നൽകിത്തുടങ്ങിയത്. തുടക്കത്തിൽ ഇസ്‌ലാമിക സേവനം, ഇസ്‌ലാമിക പഠനങ്ങൾ, അറബ് സാഹിത്യം എന്നീ മൂന്നു വിഭാഗങ്ങളിലാണ് അവാർഡ് നൽകിയിരുന്നത്. ഹിജ്‌റ 1402 ൽ വൈദ്യശാസ്ത്ര മേഖലയിലും 1403 ൽ ശാസ്ത്ര മേഖലയിലും പുരസ്‌കാരങ്ങൾ നൽകാൻ തുടങ്ങി.