റിയാദ് - വ്യവസായ, ധാതുവിഭവ മേഖലകൾക്ക് പ്രത്യേക മന്ത്രാലയം സ്ഥാപിച്ചതിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് ഈ മേഖലകളിൽ നിക്ഷേപങ്ങളുടെ വലിയ കുതിച്ചുചാട്ടം. പെട്രോളിതര വ്യവസായ മേഖലയിൽ ഉൽപാദന വൈവിധ്യവൽക്കരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനാണ് പുതിയ മന്ത്രാലയം ഉന്നമിടുന്നത്. പെട്രോളിതര മേഖലയിൽനിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിയിലെ പ്രധാന ഘടകങ്ങളാണ് വ്യവസായ, ധാതുവിഭവ മേഖലകൾ. സൗദിയിൽ അഞ്ചു ലക്ഷം കോടി റിയാലിന്റെ ധാതുസമ്പത്തുണ്ടെന്നാണ് കണക്കാക്കുന്നത്.
വ്യവസായ വികസന പദ്ധതിയിലൂടെ 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിലേക്ക് 1.2 ട്രില്യൺ റിയാലിന്റെ സംഭാവനയാണ് ലക്ഷ്യമിടുന്നത്. വരുമാന സ്രോതസ്സുകളുടെ വൈവിധ്യവൽക്കരണം, പ്രാദേശിക വ്യവസായത്തിനുള്ള പിന്തുണ, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ എന്നീ മൂന്നു പ്രധാന ലക്ഷ്യങ്ങൾ ധാതുവിഭവ മേഖലയുടെ വികസനത്തിലൂടെ സാക്ഷാൽക്കരിക്കുന്നതിന് സാധിക്കും. പ്രാദേശിക ആവശ്യം നിറവേറ്റുന്നതിനും ഇറക്കുമതി കുറക്കുന്നതിനും ഇത് സഹായകമാകും. ധാതുവിഭവ മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിന് സൗദി, വിദേശ നിക്ഷേപകർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് സൗദി അറേബ്യ ശ്രമിച്ചുവരികയാണ്. ധാതുവിഭവങ്ങളെ കുറിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും വലിയ തോതിൽ ധാതുശേഖരങ്ങളുള്ള സ്ഥലങ്ങൾ നിർണയിക്കുന്നതിനുമാണ് ശ്രമം.
ഇതിനകം കണ്ടെത്തിയ ധാതുശേഖരവുമായി തുലനം ചെയ്താൽ ഈ മേഖലയിലെ നിക്ഷേപങ്ങൾ തുലോം കുറവാണ്. ഈ മേഖലയിൽ വലിയ തോതിൽ നിക്ഷേപങ്ങൾ ആവശ്യമാണ്. ഭൂമിശാസ്ത്രപരമായ മികച്ച സ്ഥാനവും സ്വതന്ത്ര സമ്പദ്‌വ്യവസ്ഥയും ഊർജ ലഭ്യതയും പശ്ചാത്തല സൗകര്യങ്ങളും വൈവിധ്യമാർന്ന ജൈവ പരിസ്ഥിതിയും സൗദിയിൽ ഖനന വ്യവസായ മേഖലയിലെ അനുകൂല ഘടകങ്ങളാണ്.
ഖനന മേഖലയുടെ പുനഃസംഘടനയിലൂടെ മൊത്തം ആഭ്യന്തരോൽപാദനത്തിലെ സംഭാവന 6400 കോടി ഡോളറായി ഉയർത്തുന്നതിനും 1,60,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിടുന്നു. നിലവിൽ ഈ മേഖലയുടെ സംഭാവന 1700 കോടി ഡോളറാണ്. വ്യവസായ, ലോജിസ്റ്റിക് സേവന വികസന പദ്ധതി അടുത്തിടെ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. 2030 ഓടെ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് 1.2 ട്രില്യൺ റിയാൽ വ്യവസായം, ഊർജം, ഖനനം, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവ അടങ്ങിയ മേഖല സംഭാവന ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 2030 ഓടെ പതിനാറു ലക്ഷം തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്ടിക്കുന്നതിന് ലക്ഷ്യമിടുന്നു.
വിഷൻ 2030 പദ്ധതി പ്രകാരം ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നിരവധി പ്രോഗ്രാമുകളും പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസായ, ലോജിസ്റ്റിക് സേവന വികസന പദ്ധതി ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരുപതിനായിരം കോടിയിലേറെ റിയാലിന്റെ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. വ്യവസായ വികസനം ലക്ഷ്യമിട്ട് കാർ വ്യവസായം അടക്കമുള്ള വ്യത്യസ്ത വ്യവസായ മേഖലകൾക്ക് പിന്തുണ നൽകുന്നതിന് പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതിനും നീക്കമുണ്ട്. ഖനന മേഖലയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിന് വഅദ് അൽശിമാൽ സിറ്റിയും സ്ഥാപിച്ചു.
ഖനന, വ്യവസായ പദ്ധതികൾക്കുള്ള ലൈസൻസ് നടപടികൾ വേഗത്തിലാക്കി. ഇപ്പോൾ ദിവസങ്ങൾക്കുള്ളിൽ ഇത്തരം പദ്ധതികൾക്ക് ലൈസൻസ് നൽകുന്നു. നേരത്തെ ഇത്തരം പദ്ധതികൾക്കുള്ള ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മാസങ്ങളെടുത്തിരുന്നു. വ്യവസായ പദ്ധതികളുടെ സ്വദേശിവൽക്കരണം, സ്വദേശികൾക്കു മുന്നിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഇറക്കുമതി കുറയ്ക്കൽ എന്നീ ലക്ഷ്യങ്ങൾ നേടുന്നതിന് സഹായിക്കുന്ന പ്രധാന മേഖലകളായാണ് വ്യവസായ, ഖനന മേഖലകളെ സൗദി അറേബ്യ കാണുന്നത്. പ്രതിവർഷം അര ലക്ഷം കോടിയിലേറെ റിയാലിന്റെ ഉൽപന്നങ്ങൾ സൗദി അറേബ്യ വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. സാമ്പത്തിക, നിയമ പരിഷ്‌കരണങ്ങളിലൂടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സൗദി അറേബ്യയിലെ വിദേശ നിക്ഷേപങ്ങളിൽ 127 ശതമാനം വളർച്ച രേഖപ്പെടുത്തി. പുതിയ നിക്ഷേപ നിയമം ആനുകൂല്യങ്ങളിലും പ്രോത്സാഹനങ്ങളിലും പ്രാദേശിക, വിദേശ നിക്ഷേപകർക്കിടയിൽ തുല്യത ഉറപ്പുവരുത്തുന്നു.