കോഴിക്കോട് - കേരള ഫുട്‌ബോൾ അസോസിയേഷനിൽ സി.പി.എം സ്ഥാനാർഥി എ. പ്രദീപ്കുമാറിന്റെ തോൽവി പാർട്ടിക്ക് നാണക്കേടായി. തിരുവനന്തപുരത്ത് നിന്ന് വി.ശിവൻകുട്ടി മത്സരിക്കാൻ ഒരുങ്ങിയതാണ്. ശിവൻകുട്ടിയെ ഒഴിവാക്കിയാണ് പ്രദീപ്കുമാറിനെ സ്ഥാനാർഥിയാക്കിയത്.
20 വർഷത്തോളമായി കെ.എഫ്.എ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കെ.എം.ഐ മേത്തറെ മാറ്റണമെന്ന വികാരം ഇക്കുറി ശക്തമായിരുന്നു. അദ്ദേഹം ഇത്തവണ മത്സര രംഗത്ത് വന്നുമില്ല. ഈ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ച എ.പ്രദീപ്കുമാറിനെ നിയോഗിച്ചത്. 11 നെതിരെ 29 വോട്ടുകൾക്ക് ഇടുക്കി അറകുളം പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസാണ് പ്രദീപ്കുമാറിനെ തോൽപിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗക്കാരനാണ് ടോം ജോസ്. പ്രദീപ്കുമാറിനൊപ്പം വൈസ് പ്രസിഡന്റായിരുന്ന ടോം വിരമിച്ച പ്രസിഡന്റ് മേത്തറുടെ നോമിനിയാണ്.
ജില്ലാ ഫുട്‌ബോൾ അസോസിയേഷനുകളിലെ തെരഞ്ഞെടുത്ത മൂന്ന് പേർക്കാണ് വോട്ടവകാശം. സംസ്ഥാനത്ത് ജൂനിയർ ലോകകപ്പ് വരെ നടന്നിട്ട് ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്ന ആക്ഷേപമാണ് പ്രദീപ്കുമാറിന് വിനയായത്. കോഴിക്കോട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പ്രസിഡന്റായി പ്രദീപ്കുമാർ പ്രവർത്തിച്ചിട്ടുണ്ട്.
കോഴിക്കോട് നിന്ന് പാർലമെന്റിലേക്ക് മത്സരിച്ചെങ്കിലും തോറ്റ പ്രദീപ്കുമാറിന്റെ ഈ തോൽവി പാർട്ടിയുടെ പ്രതീക്ഷകളെയും തകർത്തു. കെ.എഫ്.എയുടെ ആസ്ഥാനം തന്നെ മലബാറിലേക്ക് മാറ്റുന്നതിന് സാധ്യതയുണ്ടായിരുന്നതാണ് പ്രദീപ്കുമാറിന്റെ സ്ഥാനാർഥിത്വം.