കുത്തിയൊലിച്ചും കോരിച്ചൊരിഞ്ഞുമെത്തിയ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വരയിലൂടെ പ്രവാസത്തിന്റെ ദാനം. പ്രളയ ബാധിതർക്കൊരു വരദാനം എന്ന പേരിൽ ജിദ്ദ ബലദിലെ ഹോട്ടൽ ഹോളിഡേയ്‌സിലാണ് വരദാനമൊരുക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹോട്ടലിലെ മുഴുവൻ വരുമാനവും പ്രളയ ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരുന്നു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയവരുടെ കാരിക്കേച്ചർ വരച്ചാണ് റഫീഖ് നെന്മേനി വരദാനം പ്രളയ ബാധിതർക്ക് താങ്ങായത്.
തന്റെ മുന്നിലിരിക്കുന്നവരുടെ കാരിക്കേച്ചർ മിനിറ്റുകൾക്കകം തന്നെ റഫീഖ് വരച്ചുകൊടുത്തു. സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഷാജു അത്താണിക്കൽ, അഫ്‌സൽ നാറാണത്ത്, സുഫ്‌യാൻ ഒഴുകൂർ, അദ്‌നു ഷബീർ, അഷ്‌റഫ് മാവൂർ എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വരദാനം. നിരവധി സൗദി പൗരന്മാരും കുട്ടികളും ഇതര സംസ്ഥാനക്കാരും
തങ്ങളുടെ കാരിക്കേച്ചറുകൾ വരപ്പിക്കുകയും പ്രളയത്തിൽ വേദനിക്കുന്നവർക്ക് സാമ്പത്തിക സഹായം നൽകി. കൂടെ കരളുതൊട്ടുള്ള പ്രാർത്ഥനയും.