തിരുവനന്തപുരം- പുതിയ കേരള ഗവര്‍ണറായി മുന്‍ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിയും പിന്നീട് ബിജെപി നേതാവുമായി മാരിയ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി നിയമിച്ചിരിക്കുകയാണല്ലോ. ഒരു മുതിര്‍ന്ന മുസ്ലിം നേതാവ് എന്ന നിലയില്‍ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരിഫ് ഖാന് ലഭിച്ചത്. മുസ്ലിം 'പരിഷ്‌കര്‍ത്താവ്' ആയും അവകാശ പോരാട്ട നായകനായുമെല്ലാമാണ് ആരിഫ് ഖാനെ വിശേഷിപ്പിക്കുന്ന റിപോര്‍ട്ടുകളാണ് ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്. ഈ വിശേഷണങ്ങള്‍ ആരിഫ് ഖാന് ലഭിക്കാന്‍ രാഷ്ട്രീയ കാരണങ്ങളുണ്ട്.
1986ല്‍ കോളിളക്കം സൃഷ്ടിച്ച ശാബാനു കേസിനെ ചൊല്ലി കോണ്‍ഗ്രസുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാരിലെ കേന്ദ്ര സഹമന്ത്രി പദവി രാജിവച്ച് പുറത്തു വന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. മുത്തലാഖ് മോഡി സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനു മുമ്പു തന്നെ ഇതിനായി വാദിച്ച ബിജെപി നേതാവ് കൂടിയാണ് അദ്ദേഹം. ഭാര്യമാരെ മുത്തലാഖ് ചൊല്ലുന്നവരെ ജയിലില്‍ അടക്കണമെന്ന് പലപ്പോഴും അദ്ദേഹം വാദിച്ചിരുന്നു. മുസ്ലിംകള്‍ക്കുള്ളിലെ പരിഷ്‌ക്കാരങ്ങളെ ഖാന്‍ പിന്തുണച്ചു പോരുന്നു. ഇതു സംബന്ധിച്ച് പല പുസ്തകങ്ങളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. 2010ല്‍ പ്രസിദ്ധീകരിച്ച 'ടെക്സ്റ്റ് ആന്റ് കോണ്‍ടെക്സ്റ്റ്: ഖുര്‍ആന്‍ ആന്റ് കണ്ടംപററി ചലഞ്ചസ്' എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ട രചനയാണ്. അഖിലേന്ത്യാ മുസ്ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് പിരിച്ചു വിടണമെന്ന വാദക്കാരനാണ് ആരിഫ് ഖാന്‍. വിവാഹ മോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവിതചെലവിനുള്ള അവകാശമുണ്ടെന്ന ഷാബാനു കേസിലെ സുപ്രീം കോടതി വിധിയെ ഖാന്‍ ഖാന്‍ അന്ന് ശക്തമായി പിന്തുണച്ചിരുന്നു. ഇതിനെ ചൊല്ലിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതും.
രാഷ്ട്രീയ ജീവിതം
വിദ്യാര്‍ത്ഥി നേതാവായാണ് ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. ഭാരതീയ ക്രാന്തി ദള്‍ ടിക്കറ്റില്‍ യുപിയിലെ സിയാന നിയോജക മണ്ഡലത്തില്‍ നിന്നും ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. പിന്നീട് 1977ല്‍ 26ാം വയസ്സില്‍ അദ്ദേഹം യുപി നിയമസഭയില്‍ അംഗമായി. 1980ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഖാന്‍ കാണ്‍പൂരില്‍ നിന്നും പിന്നീട് 1984ല്‍ ബഹിറായിചില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം വ്യക്തി നിയമ ബില്ലിനെ ചൊല്ലിയുള്ള ഭിന്നതയെ തുടര്‍ന്ന് 1986ല്‍ കോണ്‍ഗ്രസ് വിട്ടു. പിന്നീട് ജനതാ ദളില്‍ ചേര്‍ന്ന അദ്ദേഹം 1989ല്‍ വീണ്ടും ലോക്‌സഭയിലെത്തി. ജനതാ ദള്‍ സര്‍ക്കാരില്‍ കേന്ദ്ര വ്യോമയാന, ഊര്‍ജ മന്ത്രിയായി. പിന്നീട് ദള്‍ വീട്ട് കാന്‍ശി റാമിന്റെ ബഹുജന്‍ സമാജ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1998ല്‍ ബിഎസ്പി ടിക്കറ്റില്‍ വീണ്ടും ലോക്‌സഭയിലെത്തി.
2004ലാണ് ഖാന്‍ ബിജെപിയില്‍ ചേര്‍ന്നത്. കൈസര്‍ഗഞ്ചില്‍ നിന്നും ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്ന് വര്‍ഷത്തിനു ശേഷം 2007ല്‍ ബിജെപി വിട്ട ആരിഫ് മുഹമ്മദ് ഖാന്‍ സ്വതന്ത്രനായി തുടരുകയാണ്. അതേസമയം ബിജെപിയുടെ നിലപാടുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
വിദ്യാഭ്യാസം
1951ല്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ ജനനം. ദല്‍ഹിയിലെ ജാമിഅ മില്ലിയ സ്‌കൂളില്‍ പഠനം. അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലും ലഖ്‌നൗ യൂണിവേഴ്‌സിറ്റിയിലെ ശിയ കോളെജിലും ഉപരിപഠനം. രേഷ്മ ആരിഫ് ആണ് ഭാര്യ. ഇരുവരും ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സമര്‍പ്പണ്‍ എന്ന സംരംഭം നടത്തുന്നു.
(വിവര സ്രോതസ്സ്: വിക്കിപിഡിയ)