റിയാദ് - വിദ്യാർഥികൾക്ക് അനുയോജ്യമായ സ്‌കൂൾ ബാഗുകൾ തെരഞ്ഞെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം രക്ഷാകർത്താക്കളോട് ആവശ്യപ്പെട്ടു. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ മികച്ച നിലയിൽ ഭാരം വീതിക്കുന്നതിന് നിരവധി പോക്കറ്റുകളുള്ള ബാഗുകൾ പ്രത്യേകം തെരഞ്ഞെടുക്കണം. വിദ്യാർഥികളുടെ പുറത്ത് തൂക്കുന്ന ഭാരം ശരീര ഭാരത്തിന്റെ പത്തു ശതമാനത്തിൽ കുറവായിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
തുടർച്ചയായി പുറംവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ വിദ്യാർഥികളെ ഡോക്ടറെ കാണിക്കണം. പുറംവേദനക്കും നട്ടെല്ലിൽ തകരാറുകളുണ്ടാകുന്നതിനും പ്രധാന കാരണങ്ങളിൽ ഒന്നാണ് എന്നതിനാൽ ഭാരം കൂടിയ സ്‌കൂൾ ബാഗുകൾ പുറത്ത് തൂക്കരുത്. ഓരോ ദിവസവും ആവശ്യമുള്ള പുസ്തകങ്ങൾ മാത്രമെടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ച് സ്‌കൂൾ ബാഗുകളുടെ തൂക്കം കുറക്കണം.
ശരിയായ രീതിയിൽ സ്‌കൂൾ ബാഗുകൾ വഹിക്കുന്നതിനെ കുറിച്ച് വിദ്യാർഥികളെ പഠിപ്പിക്കേണ്ടതും അനിവാര്യമാണ്. ചക്രങ്ങളുള്ള സ്‌കൂൾ ബാഗുകൾ ഉപയോഗിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. ഇത്തരം ബാഗുകൾ പുറം, തോൾ വേദനക്ക് കാരണമായേക്കും. ഒറ്റ വള്ളിയുള്ള ബാഗിനേക്കാൾ നല്ലത് ഇരട്ട വള്ളിയുള്ള ബാഗ് ആണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.