യാമ്പു- യാമ്പു അൽനഖ്‌ലിലെ അൽജാബിരിയ മലയിൽ പ്രവാചകന്റേതെന്ന് അവകാശപ്പെടുന്ന കാൽപാദ അടയാളം ഏഷ്യൻ വംശജർ പൂർവ സ്ഥിതിയിലാക്കി. മൂന്നു ദിവസം മുമ്പ് കാൽപാദ അടയാളം വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി മായ്ച്ചുകളഞ്ഞിരുന്നു. സിമന്റ് തേച്ചാണ് പ്രത്യേക കമ്മിറ്റി കാൽപാദ അടയാളം മായ്ച്ചത്. ഇതിനു പിന്നാലെ ഇവിടെനിന്ന് സിമന്റ് നീക്കം ചെയ്ത് കാൽപാദ അടയാളം വിദേശികൾ പൂർവസ്ഥിതിയിലാക്കുകയായിരുന്നു.
അനുഗ്രഹം തേടുന്നതിനും പ്രാർഥനകൾ നിർവഹിക്കുന്നതിനും ഏഷ്യൻ വംശജർ കൂട്ടത്തോടെ എത്തിയിരുന്ന അൽജാബിരിയ മലയിലെ കാൽപാദ അടയാളം പരിശോധിക്കുന്നതിനും നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി അധികൃതർ രൂപീകരിക്കുകയായിരുന്നു. കോൺക്രീറ്റിൽ നിർമിച്ച കാൽപാദ അടയാളമാണിതെന്നും പ്രവാചക ചരിത്രവുമായി ഇതിന് ഒരുവിധ ബന്ധവുമില്ലെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. തുടർന്നാണ് അധികൃതർ സിമന്റ് തേച്ച് ഇത് മായ്ച്ചുകളഞ്ഞത്.
അൽജാബിരിയ മർകസ്, ബലദിയ, മതകാര്യ പോലീസ് എന്നിവയുടെ പ്രതിനിധികളടങ്ങിയ കമ്മിറ്റിയാണ് പ്രദേശത്ത് പരിശോധന നടത്തി കാൽപാദ അടയാളം കഴിഞ്ഞ ദിവസം സിമന്റ് തേച്ച് മായ്ച്ച് കളഞ്ഞതെന്ന് യാമ്പു അൽനഖ്ൽ ബലദിയ മേധാവി അബ്ദുല്ല സുറൂർ പറഞ്ഞു. വൈകാതെ ഏഷ്യൻ വംശജർ സിമന്റ് നീക്കം ചെയ്ത് കാൽപാദ അടയാളം പൂർവ സ്ഥിതിയിലാക്കി. ചെറിയ പ്ലാസ്റ്റിക് കന്നാസുകളിൽ കൊണ്ടുവന്ന വെള്ളം കാൽപാദ അടയാളത്തിൽ ഒഴിച്ച് പ്ലാസ്റ്റിക് ഗ്ലാസ് ഉപയോഗിച്ച് ആ വെള്ളം മുക്കിയെടുത്ത് ഏഷ്യൻ വംശജർ കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ പുതിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
യാമ്പു അൽനഖ്‌ലിന്റെ പ്രവേശന കവാടം മോടി പിടിപ്പിക്കുന്ന ശിൽപത്തിന്റെ നിർമാണത്തിനിടെ ബാക്കി വന്ന കോൺക്രീറ്റ് മിശ്രിതത്തിൽ തൊഴിലാളി തന്റെ കാൽപാദം പതിച്ചതിലൂടെയാണ് കാൽപാദ അടയാളം രൂപപ്പെട്ടതെന്നാണ് സ്ഥിരീകരിക്കുന്ന വിവരം. ഇത് പ്രവാചക കാൽപാദ അടയാളമാണെന്ന് വിശ്വസിച്ചാണ് ഏഷ്യൻ വംശജർ അനുഗ്രഹം തേടുന്നതിനും രോഗശമനത്തിനും പ്രാർഥനകൾക്കുമായി ഇവിടെ കൂട്ടത്തോടെ എത്തുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ എത്രയും വേഗം ഇടപെട്ട് കാൽപാദ അടയാളം പൂർണമായും നീക്കം ചെയ്യണമെന്ന് സൗദി പൗരന്മാർ ആവശ്യപ്പെട്ടു.