Sorry, you need to enable JavaScript to visit this website.

ഹജ് അനുമതി ഇല്ലാത്തവരെ മക്കയില്‍ എത്തിക്കാന്‍ ശ്രമിച്ചവര്‍ക്ക് 50 ലക്ഷം റിയാല്‍ പിഴ

ജിദ്ദ- ഇക്കഴിഞ്ഞ ഹജ് സീസണിൽ ഹജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്കും കടത്തുന്നതിന് ശ്രമിച്ചവർക്ക് മക്കയുടെ പ്രവേശന കവാടങ്ങളിൽ പ്രവർത്തിക്കുന്ന ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ ആകെ 50 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി. നിയമ ലംഘകരെ കടത്തിയവർക്ക് 108 ശിക്ഷാ വിധികളാണ് ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ പ്രഖ്യാപിച്ചത്. നിയമ ലംഘകർക്ക് ആകെ 1540 ദിവസം തടവും വിധിച്ചിട്ടുണ്ട്. നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിച്ച 15 വാഹനങ്ങൾ കണ്ടുകെട്ടുന്നതിനും വിധിയുണ്ട്. ഹജ് അനുമതി പത്രമില്ലാത്തവരെ കടത്തിയ 19 വിദേശികളെ നാടുകടത്തുന്നതിനും ജവാസാത്ത് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ വിധിച്ചിട്ടുണ്ട്. നിയമ ലംഘകർക്ക് 10,000 റിയാൽ മുതൽ 1,40,000 റിയാൽ വരെയാണ് പിഴ ചുമത്തിയത്. 
ഹജ് അനുമതി പത്രമില്ലാത്തവരെ കടത്തുന്നവർക്ക് ആദ്യ തവണ അനധികൃത തീർഥാടകരിൽ ഒരാൾക്ക് 10,000 റിയാൽ തോതിലും രണ്ടാം തവണ 25,000 റിയാൽ വീതവും മൂന്നാം തവണ 50,000 റിയാൽ വീതവും പിഴ ലഭിക്കും. നിയമ ലംഘകർക്ക് ആദ്യ തവണ 15 ദിവസവും രണ്ടാം തവണ രണ്ടു മാസവും മൂന്നാം തവണ ആറു മാസവും തടവു ശിക്ഷയും ലഭിക്കും.

Latest News