Sorry, you need to enable JavaScript to visit this website.

കൈനിറയെ സമ്മാനങ്ങൾ: സപ്ലൈകോ  ഓണം ഫെയറുകൾക്ക് ഇന്നു തുടക്കം

മലപ്പുറം- ഓണക്കാലത്തെ വിലക്കയറ്റം തടയാൻ  അവശ്യ സാധനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കുന്ന സപ്ലൈകോയുടെ ഓണം ഫെയറിന് ജില്ലയിൽ ഇന്നു തുടക്കമാകും. താലൂക്കുതല ഫെയറുകൾ നാളെ മുതലും നിയോജക മണ്ഡല ഫെയറുകൾ ആറു മുതലും ആരംഭിക്കും. ജില്ലാതല ഫെയറിന്റെ ഉദ്ഘാടനം മലപ്പുറം കുന്നുമ്മൽ അൽനബൂദ ടവറിൽ ഇന്നു രാവിലെ പത്തിനു മന്ത്രി കെ.ടി ജലീൽ നിർവഹിക്കും. പി.ഉബൈദുള്ള എം.എൽ.എ അധ്യക്ഷനായിരിക്കും. ഫെയറിന്റെ ആദ്യ വിൽപന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിക്കും. 
സപ്ലൈകോയുടെ ഫെയറുകൾ കഴിഞ്ഞ വർഷത്തേക്കാൾ വിപുലമായാണ് ഇത്തവണ ജില്ലയിൽ നടത്തുന്നത്. ജില്ലയിലെ 136 സപ്ലൈകോ ഔട്ട്‌ലറ്റുകളും ഓണം ഫെയറുകളായി പ്രവർത്തിക്കും. മാവേലി സ്റ്റോർ ഇല്ലാത്ത രണ്ടു പഞ്ചായത്തുകളായ പെരിന്തൽമണ്ണ വെട്ടത്തൂരിലും ഒതുക്കുങ്ങലിലും ഈ കാലയളവിൽ സപ്ലൈകോ സ്‌പെഷൽ മിനി ഫെയറുകളും നടത്തും. മഞ്ചേരി താലൂക്കിൽ സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റിലും തിരൂരിൽ ചമ്രവട്ടം കെട്ടിടത്തിലും പൊന്നാനിയിൽ സ്‌പ്ലൈകോയുടെ സൂപ്പർ മാർക്കറ്റിലും പെരിന്തൽമണ്ണ പീപ്പിൾ ബസാറിലും നിലമ്പൂർ താലൂക്കിൽ നിലമ്പൂർ മാവേലി സ്റ്റോറിലും തിരൂരങ്ങാടിയിൽ ചെമ്മാട് സൂപ്പർ മാർക്കറ്റിലും കൊണ്ടോട്ടിയിൽ സ്വകാര്യ കെട്ടിടത്തിലുമാണ് മേള നടത്തുന്നത്. ജില്ലയിലെ തെരഞ്ഞെടുത്ത മാവേലി സ്റ്റോറുകളിൽ സ്‌പെഷൽ ഓണം മാർക്കറ്റുകളുമുണ്ടാകും. 
സപ്ലൈകോയുടെ എല്ലാ ഓണം ഫെയറുകളിലും ഔട്ട്‌ലറ്റുകളിലും സബ്‌സിഡി സാധനങ്ങൾക്കു 60 ശതമാനം വരെയും ശബരി ബ്രാൻഡ്  ഉൽപന്നങ്ങൾക്കു 20 ശതമാനവും മറ്റു ബ്രാൻഡഡ് ഉൽപന്നങ്ങൾക്കു അഞ്ചു ശതമാനം മുതൽ 30  ശതമാനം വരെയും വിലക്കുറവിലാണ് നൽകുന്നത്. 
ഉപഭോക്താക്കൾക്കായി ഇത്തവണ കൈനിറയെ ഓണസമ്മാനങ്ങളും സപ്ലൈകോ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയുടെ എല്ലാ ഔട്ട്‌ലറ്റുകളിലും ഇന്നു മുതൽ ഓണം സമ്മാനമഴ പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ 1500 രൂപയുടെ പർച്ചേയ്‌സിനും ഒരു സമ്മാന കൂപ്പൺ നൽകും. ഒന്നാം സമ്മാനമായി ഒരാൾക്കു മൂന്നു പവൻ സ്വർണം, രണ്ടാം സമ്മാനമായി മൂന്നു പേർക്കു ഒരു പവൻ സ്വർണം, മൂന്നാം സമ്മാനമായി ഏഴു പേർക്ക് നാലു ഗ്രാം സ്വർണം എന്നിങ്ങനെയാണ് സമ്മാനം. ഓരോ 2000 രൂപയുടെ പർച്ചേയ്‌സിനും നൂറു രൂപയുടെ നിശ്ചിത സമ്മാനം നൽകും. ഓണം ഫെയറുകൾ സെപ്തംബർ പത്തു വരെ പ്രവർത്തിക്കും.

Latest News