കോഴിക്കോട് - പാലാ സീറ്റ് കണ്ട് ആരും പനിക്കേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
രണ്ടാം തീയതിക്കകം യു.ഡി.എഫിന്റെ ശക്തമായ തീരുമാനങ്ങൾ വരും. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് എല്ലാ നടപടികളും സുഗമമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പി.ജെ. ജോസഫിനും ഞങ്ങൾക്കും സ്വീകാര്യമായ തീരുമാനം വരും. സ്ഥാനാർത്ഥി ആരെന്നതിനെപ്പറ്റി ആശങ്കയില്ല. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ തർക്കങ്ങൾ ഉണ്ടായാലും യു.ഡി.എഫേ വിജയിക്കുകയുള്ളൂ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് സർക്കാർ മുന്നോട്ട് പോയാൽ കേസ് ഒന്നിൽ അവസാനിക്കില്ല. രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെട്ട സർക്കാർ ആണല്ലോ ഉള്ളത്. അതിനാൽ മാനനഷ്ടക്കേസ് ഇനിയും മാറിമാറി വരും. ഒന്നിൽ അവസാനിക്കില്ല. പാലാരിവട്ടം മേൽപാലം വിഷയത്തിൽ തന്റെ അറിവോടെയല്ല കാര്യങ്ങൾ നടന്നതെന്നും ഫയൽ കണ്ടിട്ടില്ലെന്നും അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയതാണെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേസ് കേസിന്റെ വഴിക്ക് പോകട്ടെ. അതിനിടയിൽ പ്രതികരിക്കുന്നത് ശരിയല്ല. രാജ്യം സാമ്പത്തികമായി തകർന്നുകൊണ്ടിരിക്കുകയാണ്.
സാമ്പത്തിക പരിഷ്‌കാരങ്ങൾ എല്ലാം പാളുകയാണ്. അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കശ്മീർ വിഷയവും അസം പൗരത്വം പോലുള്ളവയും ഉയർത്തിക്കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.