Sorry, you need to enable JavaScript to visit this website.

പ്രളയം തകർത്തെറിഞ്ഞ പാലത്തിന് ജനകീയ കൂട്ടായ്മയിൽ പുനർജന്മം

പ്രളയത്തിൽ തകർന്ന പാലത്തിന്റെ ദൃശ്യം 
പെരിന്തൽമണ്ണ പാണമ്പിയിൽ ജനകീയ കൂട്ടായ്മയിൽ പാലം പണി പുരോഗമിക്കുന്നു. 

പെരിന്തൽമണ്ണ- പ്രളയം തകർത്തെറിഞ്ഞ ഒരു പാലത്തെ പുനർജനിപ്പിക്കാൻ ഒരുങ്ങുകയാണ് പെരിന്തൽമണ്ണ പാണമ്പിയിലെ ജനകീയ കൂട്ടായ്മ. പെരിന്തൽമണ്ണ ഇ.എം.എസ് നഴ്‌സിംഗ് കോളേജ് റോഡിലുള്ള പാണമ്പി പണിക്കരപ്പടി റോഡിലെ ഓവുപാലമാണ് നാട്ടുകാരുടെയും പ്രാദേശിക സ്ഥാപനങ്ങളുടെയും കൂട്ടായ്മയിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുനർജനിക്കാൻ പോകുന്നത്. ഓഗസ്റ്റ് എട്ടിനാണ് അതിശക്തമായ ഒഴുക്കിൽ പാലം രണ്ടായി പിളർന്നത്. ഇതോടെ ഇരുകരകളിലുമുള്ള ജനങ്ങൾ സഞ്ചരിക്കാൻ കഴിയാതെ വഴിമുട്ടി.  സ്‌കൂളുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ പ്രയാസമായ സാഹചര്യത്തിലാണ് പാലം നിർമിക്കാനായുള്ള കൂട്ടായ ശ്രമം നടന്നത്. ഇതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കുകയും  ചെയ്തു. ഡോ. മുഹമ്മദ് ചെയർമാനും വി. മുഹമ്മദ് ഹനീഫ കൺവീനറുമായാണ്  കമ്മിറ്റി രൂപീകരിച്ചത്. പത്തു ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിനായി തയാറാക്കിയത്.

പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിന്റെയും ഔറ ഗ്ലോബൽ സ്‌കൂളിന്റെയും ഹോം സ്റ്റഡ് വില്ലയുടെയും ധനസഹായവും  നാട്ടുകാരുടെ സംഭാവനയും കൂടി ചേർന്നപ്പോൾ പാലം യാഥാർഥ്യമാകാനുള്ള ആദ്യത്തെ കടമ്പ കടന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. നാളെ പാലത്തിന്റെ മെയിൻ സ്ലാബുകളുടെ നിർമാണം പൂർത്തിയാകും. സെപ്റ്റംബർ പകുതിയോടെ ജനകീയ കൂട്ടായ്മയുടെ പാലം നാടിനു സമർപ്പിക്കാനാകും. ഇതോടെ കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു അധ്യായവും രചിക്കുകയാണ് പാണമ്പിയിലെ ജനങ്ങൾ.  
പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് ഡോ.സയ്യിദ് ഫൈസൽ, ഡോ.വിജയ്, വി.ടി നിയാസ് തുടങ്ങിയവരും നേതൃത്വം നൽകി.
 

Latest News