റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന് 1.76 ലക്ഷം കോടി എടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കമാണല്ലോ രാജ്യത്തു നടക്കുന്നത്. 2016 ൽ രഘുറാം രാജൻ റിസർവ് ഗവർണർ ആയിരിക്കുമ്പോൾ മുതൽ കേന്ദ്രം മുന്നോട്ടുവെച്ചിരുന്ന ആവശ്യമാണിത്. അന്നു തുടങ്ങിയ സംഘർഷത്തിൽ ഇപ്പോൾ സർക്കാർ വിജയം നേടിയിരിക്കുന്നു. ഇപ്പോൾ കൈമാറുന്ന തുകയിൽ 1,23,414 കോടി 2018-19 വർഷത്തേക്കാണ്. ഇതിൽ 28,000 കോടി ഇതിനകം കൈമാറിക്കഴിഞ്ഞു.
അതേസമയം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കേന്ദ്ര സർക്കാർ പോലും അംഗീകരിച്ചിരിക്കുന്നു. ലോക ബാങ്ക് അടക്കമുള്ള അന്തരാഷ്ട്ര സാമ്പത്തിക ഏജൻസികളുടെ 2018 ലെ കണക്കു പ്രകാരം ലോക സമ്പദ്വ്യവസ്ഥയിലെ ആറാമത്തെ കരുത്താർജിച്ച രാജ്യം ഇന്ത്യയാണ്. എന്നാൽ ഭൂരിപക്ഷം പൗരന്മാരുടെയും ജീവിത നിലവാരം, പല സാമൂഹിക വിഭാഗങ്ങൾ തമ്മിലുള്ള ജീവിത നിലവാരത്തിലെ അന്തരം ഇതെല്ലാം പരിശോധിക്കുമ്പോൾ സത്യമെന്താണ്? രാജ്യത്തെ സമ്പത്തിന്റെ മൂന്നിലൊന്നു പോലും ഇവിടുത്തെ വേതന വ്യവസ്ഥയിലേക്ക് എത്തപ്പെടുന്നില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അഞ്ചു രൂപയുടെ ബിസ്‌കറ്റ് പോലും വാങ്ങാൻ ശേഷിയില്ലാത്തവിധം രാജ്യത്തെ പൗരന്മാരുടെ വാങ്ങൽ ശേഷിയും വരുമാനവും കുറഞ്ഞിരിക്കുന്നതായി ബിസ്‌കറ്റ് കമ്പനികൾ പറയുന്നു. പാർലെ കമ്പനിയിൽ 10,000 തൊഴിലാളികളെ ഏപ്രിലോടെ പിരിച്ചുവിട്ടിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി ബിസ്‌കറ്റ് കമ്പനികൾ മുതൽ വാഹന നിർമാതാക്കളെ വരെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. മഹീന്ദ്ര, ടാറ്റ, ഹീറോ എന്നിവ പോലെയുള്ള കമ്പനികളുടെ വിൽപനയിലെ വൻകുറവ് തുടരുകയാണ്. 8000 കോടി രൂപയുടെ മൂലധന ഓഹരികളാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും പിൻവലിച്ചത്.
ചെറുകിട കച്ചവടക്കാരെ കൂടി ജി.എസ്.ടിക്കുള്ളിൽ കൊണ്ടുവന്നത് കടുത്ത മാറ്റങ്ങളാണ് ഉണ്ടാക്കിയത്. കേന്ദ്രം ലക്ഷ്യം വെച്ച റവന്യൂ പിരിച്ചെടുക്കാനാകാതെ ഇപ്പോൾ ഓഹരി വിപണിയിലേക്ക് കൂടി നികുതി വ്യാപിപ്പിച്ചിരിക്കുന്നു.
ഇതിന്റെയെല്ലാം മറുവശം നോക്കൂ. റിലയൻസും അദാനി ഗ്രൂപ്പും സ്റ്റെർലൈറ്റും (വേദാന്ത ഗ്രൂപ്പ്) മുതൽ നീരവ് മോഡിയും വിജയ് മല്യയും വരെ രാജ്യത്തെ ബാങ്കുകളിൽ നിന്നെടുത്ത കോടിക്കണക്കിനു രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നില്ല. ഇതേ കുത്തകകളുടെ നിഷ്‌ക്രിയ മൂലധനമായി രാജ്യത്തെ സമ്പത്ത് മുഴുവൻ നിലനിൽക്കുകയാണ്. റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം 2017 വരെ നൽകിയ വായ്പ തുക 71.5 ലക്ഷം കോടിയും 2018 ൽ 77 ലക്ഷവും കോടിയുമാണ്. ഇതിൽ 13 മുതൽ 14 ശതമാനം വരെയാണ് കർഷകർക്ക് നൽകപ്പെട്ട വായ്പകൾ. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പിന്റെ വരുമാനം 611 ശതമാനം കൂടുന്നത്. ശരാശരി 81 കോടി രൂപയോടടുത്താണ് അദാനി ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം വർധിക്കുന്നത്. 77,000 കോടി രൂപ വിറ്റുവരവുള്ള കമ്പനികളാണ് അദാനി ഗ്രൂപ്പിന് രാജ്യത്താകമാനം ഉള്ളത്. കേരളത്തിൽ തന്നെ വിഴിഞ്ഞം പോർട്ടിൽ നിന്നും അദാനിയുടെ കമ്പനി കിട്ടുന്നത് 6000 കോടി രൂപയുടെ പശ്ചാത്തല വികസന സൗകര്യങ്ങളും അത് നടത്താൻ 40 വർഷം നീളുന്ന ലാഭക്കരാറുമാണ്. അതും പദ്ധതിച്ചെലവിൽ സർക്കാർ സഹായമായി 800 കോടി രൂപയും കേന്ദ്ര സർക്കാരിൽനിന്ന് 800 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൺസോർഷ്യം വഴി കിട്ടുന്ന 2500 കോടി രൂപയോളവും കൂടി പരിഗണിക്കുമ്പോൾ അദാനിക്ക് കേരളത്തിൽ നിന്ന് മാത്രമുള്ള ലാഭം ഊഹിക്കാവുന്നതേയുള്ളൂ. റിലയൻസ് ഇൻഡസ്ട്രീസിന്റെ സമ്പത്ത് 1.72 ലക്ഷം കോടി രൂപയിൽ എത്തിയിരിക്കുന്നു. മുതലാളിത്തത്തിന് എന്തൊക്കെ തകരാറുണ്ടെങ്കിലും മത്സരിക്കാൻ എല്ലാവർക്കും തുല്യ അവസരമൊരുക്കുക എന്ന മര്യാദ കാണാറുണ്ട്. ഇവിടെയിപ്പോൾ അതുമില്ല. വിരലിലെണ്ണാവുന്ന കുത്തകകൾക്കൊപ്പമാണ് കേന്ദ്ര സർക്കാർ.
അതേസമയം മാനവ വികസന മേഖലകളിൽ നമ്മുടെ സ്ഥാനം എവിടെയാണ്? ലോകത്തെ മാനുഷിക വികസന സൂചികയിൽ 2018 ലെ കണക്കനുസരിച്ചു ഇന്ത്യ 130 ാമത്തെ രാജ്യമാണ്. 2017 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ പ്രതിശീർഷ മൊത്ത വരുമാനം ഫിലിപ്പൈൻസിനും ഇന്തോനേഷ്യക്കും വിയറ്റ്നാമിനും പിറകിലാണ്. ഐക്യരാഷ്ട്ര സഭയുടെ 2019 ലെ റിപ്പോർട്ട് അനുസരിച്ച് വേൾഡ് ഹാപ്പിനെസ് ഇൻഡക്സിൽ ഇന്ത്യ 140 ാം സ്ഥാനത്താണ്. പാക്കിസ്ഥാൻ, ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ പിറകിലാണ് ഇന്ത്യയിലെ പൗരന്മാരുടെ ജീവിത നിലവാരം. 2018 ലെ 133 എന്ന റാങ്കിൽ നിന്നാണ് ഇന്ത്യ വളരെ പെട്ടെന്ന് താഴേക്ക് പോയത്. വി ദി ഹങ്കർ ലൈഫ് എന്ന സന്നദ്ധ സംഘടന 2018 ൽ വിശപ്പിനെക്കുറിച്ച് 119 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ ഇന്ത്യ 103 ാം സ്ഥാനത്താണ്. 2017 ൽ ഇന്ത്യ ഈ റാങ്ക് പട്ടികയിൽ നൂറാമതായിരുന്നു. ലോക സാമ്പത്തിക ഫോറത്തിന്റെ 2017 ൽ ലോക ലിംഗ വിവേചനത്തിന്റെ അളവിൽ 108 ാമത്തേതായി മാറി. 2006 ൽ നടത്തിയ കണക്കിൽ നിന്നും 10 സ്ഥാനം താഴേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലോക റാങ്കിംഗിൽ ഇന്ത്യ 140 ാമതാണ്. ശ്രീലങ്കയും നേപ്പാളും മ്യാന്മറും വരെ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ഇതെല്ലാം തന്നെയും നാളിതുവരെ സ്വീകരിച്ച ചങ്ങാത്ത മുതലാളിത്തത്തിന്റെയും സമ്പത്തിന്റെ കേന്ദ്രീകരണത്തിന്റെയും അനന്തര ഫലങ്ങളാണ്.
ഇതോടൊപ്പം നിക്ഷേപ സഹൃദം അല്ലാതിരിക്കുമ്പോഴും മലയാളികളുടെ ജീവിത നിലവാരം താരതമ്യേന ഉയർന്നുനിൽക്കുന്നതിന് പ്രധാന കാരണം ഇവിടെ നടന്നിട്ടുള്ള പല തരത്തിലുള്ള സാമൂഹിക മുന്നേറ്റങ്ങളായിരുന്നു. നിയോ ലിബറലിസത്തിനു ശേഷം നടന്ന ചടുലമായ സാമ്പത്തിക വളർച്ചയല്ല, അതിനു മുന്നേ വളരെ പതുക്കെയും ക്രമാനുഗതവുമായ വളർച്ചയായിരുന്നു കേരളത്തിൽ നടന്നത്. സർക്കാർ തലത്തിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും മാറിമാറി വന്ന രാഷ്ട്രീയ മുന്നണികളും ഈ വികസനത്തിൽ പ്രധാനമായിരുന്നു.
വികസനത്തെ സംബന്ധിച്ച പുതിയ സങ്കൽപങ്ങൾ മനുഷ്യ ജീവത സൂചികയുമായി ബന്ധപ്പെട്ടു ഉയർന്നു വരേണ്ടതിന്റെ ആവശ്യകതയാണ് കേരളത്തിലെ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ജി.ഡി.പി കണക്കാക്കുന്നതിൽ പുതിയ നയസമീപനങ്ങൾ വേണമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ കഴിഞ്ഞ വാരത്തിൽ അഭിപ്രായപ്പെട്ടത് ഈ സാഹചര്യത്തിലാണ്.