ചില്ലകളും ഇലകളും ചുറ്റി മുഴുത്തു വളർന്നുപടർന്ന ഇത്തിക്കണ്ണികളും തായ്ത്തടി മറയ്ക്കുന്നതു പോലെ ചരിത്ര സൃഷ്ടിയുടെ പിറകിലെ ഊർജ സ്രോതസ്സായിരുന്ന ചില വ്യക്തികളും ചരിത്രത്തിൽ തമസ്‌ക്കരിക്കപ്പെടാറുണ്ട്. രാഷ്ട്രീയ പാർട്ടികളാകുമ്പോൾ പ്രത്യേകിച്ചും. 'ചിന്ത' വാരികയുടെ മാനേജരായിരുന്ന കെ. ചന്ദ്രൻ 80 ാം വയസ്സിൽ തിരുവനന്തപുരത്തെ വീട്ടിൽ നിര്യാതനായ വാർത്ത പത്രങ്ങളിൽ വായിച്ചപ്പോൾ ഒരിക്കൽ കൂടി ആ സത്യം ഓർമയിലെത്തി.
സി.പി.എം മുഖപത്രത്തിലെങ്കിലും ഏതാനും വരികളിൽ എഴുതി നിർത്തേണ്ടതല്ല 'ചിന്ത' സ്ഥാപക പ്രസാധകൻ കെ. ചന്ദ്രനെന്ന ചന്ദ്രേട്ടന്റെ ചരമവാർത്ത. 1964 ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്ന് കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് പാർട്ടിയായി മാറിയതിനെ തുടർന്ന് കേരളത്തിലുണ്ടായ ഇടതുപക്ഷത്തിന്റെ പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും രാഷ്ട്രീയ നിർമിതിയുടെ അണിയറ ശിൽപികളിൽ നിശ്ശബ്ദം നിർണായക പങ്കുവഹിച്ച മുൻനിരക്കാരനാണ് കോഴിക്കോട് പൊറ്റമ്മലെ വീട്ടിൽ പിറന്ന കെ. ചന്ദ്രൻ.
കോഴിക്കോട് കോൺവെന്റ് റോഡിലെ ദേശാഭിമാനി പ്രസിൽനിന്ന് 'ചിന്ത' എന്നൊരു വാരികയുടെ ആദ്യ പതിപ്പ് 1963 ഓഗസ്റ്റിൽ ചന്ദ്രൻ എന്ന 24 കാരൻ അച്ചടിപ്പിച്ചു. കുറ്റിച്ചിറയിലെ മമ്മു, മുക്കം സ്വദേശി കൃഷ്ണൻ എന്ന രണ്ടാളുകളുടെ പേരാണ് പ്രസാധകനും പത്രാധിപരുമായി ചേർത്തിരുന്നത്. ഏതോ യുവാക്കളുടെ പത്രപ്രവർത്തന കൗതുകത്തിൽ കവിഞ്ഞ് പാർട്ടി പത്രത്തിന്റെ അച്ചടിശാലക്കാർക്ക് മറ്റൊരു പ്രത്യേകതയും തോന്നിയില്ല.
നിരുപദ്രവമെന്നു കരുതിയ ആ വാരികയിലെ വരികളിലും ആശയങ്ങളിലും ഒരു രാഷ്ട്രീയ ടൈം ബോംബ് പൊതിഞ്ഞുവെച്ചിരുന്നു എന്ന് അതു പുറത്തിറങ്ങിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ പിളർപ്പിന്റെ പേറ്റുനോവ് മൂർഛിക്കുന്ന സമയം. ആഗോള തലത്തിൽ സോവിയറ്റ് പാർട്ടിയും ചൈനീസ് പാർട്ടിയും തമ്മിലുള്ള ഭിന്നിപ്പ് അതിരൂക്ഷം. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ ഔദ്യോഗിക വിഭാഗത്തെ സോവിയറ്റ് പക്ഷമെന്നും ഇടതു വിഭാഗത്തെ ചൈനാ പക്ഷപാതികളെന്നും വിശേഷിപ്പിക്കുന്ന സന്ദർഭം. ഈ വ്യാപക പ്രചാരവേലയ്‌ക്കെതിരെ ഇടതു വിഭാഗത്തിന്റെ തൊഴിലാളിവർഗ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചാണ് 'ചിന്ത' പുറത്തിറങ്ങിയത്.
ഈ പ്രസിദ്ധീകരണം സി.പി.ഐയുടെ ഔദ്യോഗിക നേതൃത്വത്തിനെതിരാണെന്ന് വിലയിരുത്തിയ സംസ്ഥാന നേതൃത്വം ദേശാഭിമാനിയിൽ അച്ചടിക്കുന്നതു നിരോധിച്ചു. പാർട്ടിക്കു സ്വാധീനമുള്ള കോഴിക്കോട്ടെ മറ്റു പ്രസുകളും 'ചിന്ത' അച്ചടിക്കാൻ തയാറായില്ല. ഇതു വകവെക്കാതെ വാശിയോടെ മറ്റേതോ ജില്ലയിൽനിന്നുള്ള പ്രസിൽനിന്നാണ് ചിന്തയുടെ തുടർപതിപ്പുകൾ മുടങ്ങാതെ പുറത്തിറക്കിയത്. ചന്ദ്രേട്ടന്റെ അശ്രാന്ത പരിശ്രമവും ദൃഢനിശ്ചയവും കൊണ്ടു മാത്രം.
കോഴിക്കോട് രണ്ടാം ഗേറ്റിനടുത്ത് അന്ന് 'ട്രാൻസ്‌പോർട്ട് ഓഫീസ്' എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിലെ ഒരു മുറിയായിരുന്നു ചിന്തയുടെ ആദ്യ കാല ഓഫീസ്. കമ്യൂണിസ്റ്റു പാർട്ടിയുടെയും കർഷക സംഘത്തിന്റെയും നേതാവായ കെ. ചാത്തുണ്ണി മാസ്റ്ററായിരുന്നു കാണാമറയത്ത് ചിന്തയ്ക്കു നേതൃത്വം നൽകിയത്. കേരളത്തിലെ പാർട്ടിയിലെ ഇടതുപക്ഷ ചായ്‌വുള്ളവരെ സംഘടനാപരമായി ഏകോപിപ്പിച്ചത് എ.കെ.ജിയായിരുന്നു. അവരെയും ഇടതുപക്ഷ ചായ്‌വുള്ളവരെയും ആശയപരമായും രാഷ്ട്രീയമായും സംഘടിപ്പിച്ചത് ചിന്ത വാരികയും. തികഞ്ഞ ആശയ വ്യക്തതയും നിശ്ചയദാർഢ്യവും സംഘാടക പ്രതിഭയും അദ്ദേഹം പ്രകടമാക്കി. കേരളമാകെ നടന്ന് ചിന്ത എന്ന പ്രസിദ്ധീകരണം മാത്രമല്ല ഇടത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും വളർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. 1964 ലെ പിളർപ്പോടെ സി.പി.എം ഔദ്യോഗികമായി രൂപപ്പെട്ടപ്പോൾ ചിന്ത പാർട്ടിയുടെ ഔദ്യോഗിക താത്വിക വാരികയായി. ചന്ദ്രേട്ടൻ ഔദ്യോഗിക മാനേജരും.
പാർട്ടിയിലെ വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ കടുത്ത രാഷ്ട്രീയ പോരാട്ടം നടന്നുകൊണ്ടിരുന്ന 63-64 വർഷങ്ങളിൽ ദേശാഭിമാനി ദിനപത്രം സി.പി.ഐ നിയന്ത്രണത്തിലായിരുന്നു. അതുകൊണ്ട് 'ചിന്ത' വാരികയാണ് ആദ്യം സി.പി.എമ്മിന്റെയും ബന്ധുക്കളുടെയും രാഷ്ട്രീയ മുഖപത്രമായത്.
തന്റെ അയൽപക്കത്തുനിന്ന് ഒരു കമ്യൂണിസ്റ്റു ചെറുപ്പക്കാരനെ കണ്ടെത്തി ചിന്തയുടെ അസാധാരണനായ സാരഥിയാക്കി വളർത്തിയത് ചാത്തുണ്ണി മാസ്റ്ററായിരുന്നു. ദേശാഭിമാനി സി.പി.എമ്മിന്റെ പക്ഷത്തേക്ക് കൊണ്ടുവന്നതിന്റെ അണിയറ നീക്കങ്ങൾ നടത്തിയതിൽ പ്രധാനികൾ ചാത്തുണ്ണി മാസ്റ്ററും അഡ്വക്കറ്റ് പി.കെ. കുഞ്ഞിരാമ പൊതുവാളും ആയിരുന്നു. അവർ ഒരുക്കിയ തിരക്കഥയിൽ പത്രത്തിന്റെ എഡിറ്ററായി ഇ.എം.എസിന്റെ നിയമനക്കത്തുമായി കെ.പി.ആർ. പത്രാധിപ സമിതിയിൽ വന്നു. ദേശാഭിമാനി പിടിച്ചെടുക്കുന്നതിൽ പത്രത്തിലെ തൊഴിലാളികളിൽ മഹാഭൂരിപക്ഷത്തെയും അണിനിരത്തുന്നതിൽ ചന്ദ്രേട്ടന്റെയും സംഭാവനയുണ്ടായിരുന്നു.
ജില്ലകൾതോറും നിരന്തരം യാത്ര ചെയ്താണ് മാനേജർ കെ. ചന്ദ്രൻ എന്ന ഒറ്റയാൾ പട്ടാളം ചെറുചെറു പരസ്യങ്ങൾ ശേഖരിച്ചും സംഭാവന പിരിച്ചും ഉള്ളടക്കം പരിപോഷിപ്പിക്കാനുള്ള ലേഖനങ്ങൾ സംഘടിപ്പിച്ചും എഴുത്തുകാരെയും ആർട്ടിസ്റ്റുകളെയും കണ്ടെത്തിയും ചിന്ത പുതിയൊരു ആശയവും ലക്ഷ്യവുമെന്ന നിലയിൽ മുടക്കാതെ മുന്നോട്ടു കൊണ്ടുപോയത്. ദാരിദ്ര്യവും പട്ടിണിയും തിളച്ചുമറിഞ്ഞ ആ കാലയളവിൽ രാഷ്ട്രീയ സമ്പന്നമായ വിശേഷാൽ പതിപ്പുകൾ പ്രസിദ്ധീകരിച്ച് ചിന്ത നിലനിർത്തി. ലാഭകരമായ ഒരു പ്രസിദ്ധീകരണമാക്കി മാതൃക സൃഷ്ടിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയടക്കമുള്ള ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധികളിലൂടെ സി.പി.എം കടന്നുപോയപ്പോൾ ചിന്തയെ രാഷ്ട്രീയ- സാമ്പത്തിക വിജയത്തിന്റെ പാതയിലൂടെ നയിക്കാനും ചന്ദ്രേട്ടനു കഴിഞ്ഞു.
ചന്ദ്രേട്ടൻ ചിന്ത വാരികയുടെ സംഘാടക വൃത്തത്തിൽ മാത്രമല്ല കേന്ദ്രീകരിച്ചത്. കോഴിക്കോട്ടുനിന്ന് ചിന്ത കൊച്ചിയിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും പാർട്ടി കൊണ്ടുപോയപ്പോൾ മൂന്നിടത്തും ദേശാഭിമാനി എന്ന കുടുംബത്തിന്റെ സജീവ ഭാഗമായാണ് താത്വിക വാരികയെ നിലനിർത്തിയത്. അന്നൊക്കെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി പത്രപ്രവർത്തനം നടത്തിയിരുന്ന ദേശാഭിമാനി പ്രവർത്തകരുടെ സാമ്പത്തിക വിഷമങ്ങളിൽ ഒരു രക്ഷിതാവിനെപ്പോലെ അദ്ദേഹം ഇടപെട്ടു. ഓരോരുത്തരുടെയും കുടുംബ പ്രശ്‌നങ്ങൾ മനസ്സിലാക്കി സഹായിക്കാനും പരിഹരിക്കാനും മുൻകയ്യെടുത്തു.
ഈ സമീപനം പാർട്ടിയുടെ മറ്റു തലങ്ങളിലുള്ള പ്രവർത്തകരുടെ കാര്യങ്ങളിലും നിഷ്ഠ പോലെ അദ്ദേഹം തുടർന്നു. ചിന്ത രവിയുടെയും മറ്റും നേതൃത്വത്തിൽ പുരോഗമന സിനിമാ രംഗത്തുണ്ടായ ചലനങ്ങളിൽ ചന്ദ്രേട്ടന്റെ സംഭാവനയുണ്ട്. ഇതിനകം ചിന്താ രവിയായി അറിയപ്പെട്ട കെ. രവീന്ദ്രൻ സിനിമാ നിർമാണ രംഗത്തേക്ക് കടന്നിരുന്നു. 1980 ൽ രവിയും ബാബു ഭരദ്വാജും ചേർന്നാണ് 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ' എന്ന സിനിമ നിർമിച്ചത്. ടി.വി. ചന്ദ്രനും ശശികുമാറും കടമ്മനിട്ട രാമകൃഷ്ണനും വിജയലക്ഷ്മിയുമൊക്കെ വേഷമിട്ട ആ ചിത്രത്തിനു പിറകെ 88 ൽ 'ഒരേ തൂവൽ പക്ഷികൾ' രവി ഒരുക്കി.
സാമ്പത്തികമായി ബുദ്ധിമുട്ടുമ്പോൾ ചന്ദ്രേട്ടനെ ബന്ധപ്പെടുമെന്ന് ഈ ചിത്രങ്ങളുടെ പ്രൊഡക് ഷൻ കൺട്രോളറായിരുന്ന ചെലവൂർ വേണു പറഞ്ഞു. എത്ര തുക കൃത്യം വേണം എന്ന് രക്ഷിതാവിനെപ്പോലെ ചന്ദ്രേട്ടൻ ചോദിക്കും. പിന്നെ നാടാകെ ഓടിനടന്ന് കക്ഷത്തിലെ കറുത്ത ബാഗുമായി തിരിച്ചെത്തും. അതിൽ പല നിറത്തിലുള്ള കവറുകളിൽ പലരിൽനിന്നും സഹായമായി വാങ്ങിയ തുക കൈമാറും. ചന്ദ്രേട്ടൻ ചിന്തയുടെയും പാർട്ടിയുടെയും മാത്രമല്ല കേരളത്തിലെ ഇടതുപക്ഷത്തിനാകെ ഏതു പ്രതിസന്ധിയിലുമുള്ള വിലപ്പെട്ട ഈടായിരുന്നു. കൃത്യതയും സത്യസന്ധതയും മാറ്റുരക്കുന്ന, മൂല്യം അളക്കാൻ കഴിയാത്ത ഈട്.
ആശയ സമരത്തിന്റേതെന്ന പേരിൽ പാർലമെന്ററി അവസരവാദത്തിന്റെയും അതിന്റെ ലക്ഷ്യം നേടാനുള്ള വിഭാഗീയ പോരാട്ടങ്ങളുടെയും കളരിയായി ഇന്ന് സി.പി.എം മാറി. ആശയപരമായി നട്ടെല്ല് വളയ്ക്കാൻ തയാറില്ലാത്തവരെ പാർട്ടിയിൽനിന്ന് പുറന്തള്ളി സംഘടന നേതാക്കളുടെ കൈയിൽ ഒതുക്കാനുള്ള ഗൂഢാലോചനകളും അതിന്റെ രക്തസാക്ഷികളുമുണ്ടായി. അങ്ങനെ ഭ്രഷ്ടാക്കി സംഘടനയിൽനിന്നു പുറന്തള്ളിയവരുടെ കാര്യത്തിൽ ഉൽക്കണ്ഠയും അനുതാപവും പുലർത്തിയ ആളായിരുന്നു ചന്ദ്രേട്ടൻ. പാർട്ടി ജീവിതത്തിന്റെ പുറമ്പോക്കിലെറിഞ്ഞവർക്ക് സാന്ത്വനവും സഹായവും നൽകാൻ ധീരമായി മുൻകൈയെടുത്ത ആൾ. പാർട്ടി പദവികളിലേക്കും പാർലമെന്ററി അധികാരങ്ങളിലേക്കും ചവിട്ടുപടിയായി പാർട്ടി മാധ്യമങ്ങളിൽ ഇടത്താവളം തേടുന്നവർക്കിടയിൽ വ്യത്യസ്തനായി ഭീഷ്മരെപ്പോലെ സത്യവും ധർമവും ജീവിതത്തിൽ പാലിച്ച കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
സി.പി.എമ്മിൽനിന്ന് പുറത്താക്കിയതിനു പിറകെയായിരുന്നു ഈ ലേഖകന്റെ മകളുടെ വിവാഹം. വിവാഹ ചടങ്ങിൽ പങ്കെടുക്കരുതെന്ന് സംസ്ഥാന നേതൃത്വം നേതാക്കളെയും പ്രവർത്തകരെയും രഹസ്യമായി നിർദേശിച്ചു. അത് അവഗണിച്ച് ചന്ദ്രേട്ടൻ കുടുംബ സമേതം മറ്റു പലർക്കുമൊപ്പം എത്തിയിരുന്നു.
പാർട്ടി നേതൃത്വം കണ്ണിലെ കരടായി കണ്ട എം.എൻ. വിജയൻ മാസ്റ്ററുടെ സംസ്‌കാര ചടങ്ങിലും അനുസ്മരണ പരിപാടിയിലും ചന്ദ്രേട്ടനെത്തിയിരുന്നു. ദേശാഭിമാനി ജീവനക്കാരുടെ അവകാശമായിരുന്ന പത്രത്തിന്റെയും ചിന്തയുടെയും സൗജന്യ കോപ്പികൾ പുറത്താക്കിയപ്പോൾ ഈ ലേഖകന് അയയ്ക്കരുതെന്ന് പാർട്ടി നേതൃത്വം തീരുമാനിച്ചു. 'എന്നെ ആരും തീരുമാനം അറിയിച്ചിട്ടില്ല. ഞാനിവിടെ മാനേജരായി ഇരിക്കുന്നിടത്തോളം അപ്പുക്കുട്ടനുള്ള ചിന്തയുടെ സൗജന്യ കോപ്പി അയച്ചിരിക്കും.' ചന്ദ്രേട്ടൻ ചിന്തയുടെ ജനറൽ മാനേജർ സ്ഥാനം 2008 ൽ ഒഴിയുന്നതുവരെ ചിന്ത സൗജന്യമായി എല്ലാ ആഴ്ചയും ഈ ലേഖകന് ലഭിക്കുമായിരുന്നു. ചിന്തയുടെ മാനേജർക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നില്ല. 2008 ൽ പുതിയ വ്യവസ്ഥ പാർട്ടി മുന്നോട്ടുവെച്ചു. നാലര പതിറ്റാണ്ടു കാലത്തെ ചിന്തയുടെ നേതൃത്വത്തിൽനിന്ന് ചന്ദ്രേട്ടൻ നിശ്ശബ്ദനായി ഇറങ്ങിപ്പോകുകയും ചെയ്തു.
കഴിഞ്ഞ പതിനൊന്നു വർഷമായി കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജീവനാളി പോലെ ത്രസിച്ചുനിന്ന ഒരാൾ മൗനിയായി, ഏകാകിയായി നമ്മൾക്കിടയിലുണ്ടായിരുന്നു. ആ സ്‌നേഹ മാതൃകയും ഇനി ഓർമയിൽ നമുക്കൊപ്പം ജീവിക്കും.