Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ വില കൂടാത്തത് ഇന്റര്‍നെറ്റിനു മാത്രം; ഇത് സംഘ്പരിവാര്‍ അജണ്ടയാണ്- റസാഖ് പാലേരി

ജിദ്ദയില്‍ പ്രവാസി സാംസ്‌കാരിക വേദി നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി സംസാരിക്കുന്നു.

ജിദ്ദ- രാജ്യം ഭരിച്ചിരുന്ന ഒന്നാം മോഡി സര്‍ക്കാരും അമിത്ഷായുടെ പൂര്‍ണാധിപത്യമുള്ള രണ്ടാം സര്‍ക്കാരും രാജ്യത്തെ കടുത്ത ദുരിതത്തിലേക്കെത്തിച്ചിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിച്ച് ഉന്മാദ ഹിന്ദുത്വ ദേശീയതയിലൂടെ സമഗ്രാധിപത്യമാണ് സംഘ് പരിവാര്‍ ലക്ഷ്യം വെക്കുന്നത്.  

https://www.malayalamnewsdaily.com/sites/default/files/2019/08/31/razak2.jpg
രാജ്യത്തെ ബാങ്കുകളുടെ നിലനില്‍പ് പോലും അപകടത്തിലാക്കുന്ന വിധത്തില്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ പോലും കൈകത്തികൊണ്ട് ആശങ്കാജനകമായ  സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കമ്പനികള്‍ അനുദിനം പൂട്ടിക്കൊണ്ടിരിക്കുകയും പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടപ്പെടുകയുമാണ്. എല്ലാറ്റിനും വില കൂടി, വിലകൂടാത്ത ഒരേ ഒരു സേവനം ഇന്റര്‍നെറ്റ് മാത്രമാണ്. ഇത് സംഘ്പരിവാര്‍ അജണ്ടയായാണ്. നവ മാധ്യമങ്ങളിലൂടെ വര്‍ഗീയവും വംശീയവുമായ ചേരിതിരിവുണ്ടാക്കി അധികാരം എന്നും നില നിര്‍ത്താമെന്നാണ് ആര്‍ എസ് എസ് കരുതുന്നത്. 39 ശതമാനം വോട്ടു നേടിയാണ് ബി ജെ പി രണ്ടാമതും അധികാരത്തില്‍ വന്നത്. രാജ്യത്ത് മഹാ ഭൂരിപക്ഷം ഇന്നും വര്‍ഗീയ ശക്തികള്‍ക്കെതിരാണെന്നത് തന്നെയാണ് ശുഭ പ്രതീക്ഷ.

ഫാഷിസത്തിനെതിരെ പ്രതിപക്ഷ മുന്നണികളുടെ ജനാധിപത്യ ഏകീകരണമാണ് രാജ്യം ഇന്നാവശ്യപ്പെടുന്നതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ഈ വിഷയത്തില്‍ മതേതര ശക്തികള്‍ക്കൊപ്പം മുന്‍ നിരയിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രാഷ്ട്രീയ ജനാധിപത്യത്തോടൊപ്പം സാമ്പത്തിക ജനാധിപത്യവും സാമൂഹ്യ ജനാധിപത്യവും നിലവില്‍ വരുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യത്തിനു അര്‍ത്ഥമുണ്ടാവുകയുള്ളൂ എന്നുള്ളതാണ് വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ കാഴ്ചപ്പാട്.  പ്രവാസി സാംസ്‌കാരിക വേദി ജിദ്ദയില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു.

ജിദ്ദ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍ അധ്യക്ഷത വഹിച്ചു. എം.പി അഷ്റഫ് സ്വാഗതവും നിസാര്‍ ഇരിട്ടി നന്ദിയും പറഞ്ഞു.
ഇ പി സിറാജ്, സി എച്ച്. ബഷീര്‍, വേങ്ങര നാസര്‍, എ കെ സൈതലവി, സലിം എടയൂര്‍, അമീന്‍ ഷറഫുദ്ദീന്‍, ഉമറുല്‍ ഫാറൂഖ്,  ദാവൂദ് രാമപുരം, അഡ്വ. ഷംസുദ്ദീന്‍, സലീക്കത്ത് ഷിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Latest News