റിയാദ് - സര്‍ക്കാര്‍ ജീവനക്കാര്‍ക്കിയിലെ അഴിമതി പൂര്‍ണമായും തുടച്ചു നീക്കുമെന്ന് സൗദിയിലെ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ പ്രസിഡന്റായി ചുമതലയേറ്റ മാസിന്‍ അല്‍കഹ്മൂസ്. അഡ്മിനിസ്‌ട്രേറ്റീവ് ഇന്റലിജന്‍സ്, പബ്ലിക് പ്രോസിക്യൂഷന്‍, ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ എന്നിവക്കിടയില്‍ നേരത്തെ നിലനിന്നിരുന്ന ബ്യൂറോക്രസി ഇല്ലാതാക്കുന്നതിനും പ്രവര്‍ത്തിക്കും.
സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ടെണ്ടറുകള്‍ സമര്‍പ്പിക്കുമ്പോഴും ഗവണ്‍മെന്റ് പദ്ധതികളുടെ കരാറുകള്‍ നേടിയെടുക്കുന്നതിന് മത്സരിക്കുമ്പോഴും പദ്ധതികള്‍ നടപ്പാക്കിയ വകയിലുള്ള വിഹിതങ്ങള്‍ കൊടുത്തു തീര്‍ക്കുമ്പോഴും എല്ലാവര്‍ക്കും നിയമാനുസൃത അവകാശങ്ങള്‍ ലഭ്യമാക്കും.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ആരംഭിച്ച അഴിമതി വിരുദ്ധ പോരാട്ടം തുടരും. ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുമുള്ള മുതിര്‍ന്ന പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.
അഴിമതിയുടെ വന്‍ മരങ്ങള്‍ക്ക് കിരീടാവകാശി നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും കിരീടാവകാശി വ്യക്തമാക്കിയിരുന്നു. വന്‍കിട അഴിമതിക്കാരില്‍ നല്ലൊരു ശതമാനത്തെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ഇല്ലാതാക്കിയിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി തുടച്ചുനീക്കുന്നതിന് ഊന്നല്‍ നല്‍കും. താഴെക്കിടയിലുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും അഴിമതിക്കാരല്ല. അഴിമതിക്കാര്‍ക്കെതിരെ മാത്രമാണ് നടപടികളെടുക്കുക. അടുത്ത ഘട്ടത്തില്‍ ഇത്തരം ജീവനക്കാരെയാണ് പ്രധാനമായും ലക്ഷ്യമിടുക. അടുത്ത ഘട്ടത്തില്‍ സര്‍ക്കാര്‍ സര്‍വീസിലെ ചെറുകിട, ഇടത്തരം ജീവനക്കാര്‍ക്കിടയിലെ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ശ്രമിക്കും. ഈ ലക്ഷ്യത്തോടെ അഴിമതിക്കാരായ ചെറുകിട, ഇടത്തരം ജീവനക്കാരുടെ പ്രവര്‍ത്തനം സസൂക്ഷ്മം വീക്ഷിക്കും.
അഴിമതി വിരുദ്ധ പോരാട്ട മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നേരിട്ട് അറിയിക്കുന്നതിനും ഇക്കാര്യത്തില്‍ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതിനും ഓരോ മാസവും താനുമായി കൂടിക്കാഴ്ച നടത്തുന്നതിന് കിരീടാവകാശി നിര്‍ദേശിച്ചിട്ടുണ്ട്. അഴിമതി വിരുദ്ധ കമ്മീഷന്റെ നടപടികളുമായി സഹകരിക്കാത്ത ഏതു മന്ത്രിയെയും കുറിച്ച് നേരിട്ട് തന്നെ അറിയിക്കണമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മാസിന്‍ അല്‍കഹ്‌മോസ് പറഞ്ഞു.