ജിദ്ദ - സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ഉത്തരവിറക്കി. ഊര്‍ജ, വ്യവസായ മന്ത്രാലയത്തിന്റെ പേര് ഊര്‍ജ മന്ത്രാലയം എന്നാക്കി പുനര്‍നാമകരണം ചെയ്തു. വ്യവസായ, മിനറല്‍ റിസോഴ്‌സ് മേഖലക്ക് പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. ഇതുവരെ ഊര്‍ജ, വ്യവസായ, മിനറല്‍ റിസോഴ്‌സ് മേഖലകള്‍ ഒറ്റ മന്ത്രാലയത്തിനു കീഴിലായിരുന്നു. ഊര്‍ജ, വ്യവസായ മന്ത്രാലയത്തെ വിഭജിച്ച് ഊര്‍ജ, വ്യവസായ മേഖലകള്‍ക്ക് വെവ്വേറെ മന്ത്രാലയങ്ങള്‍ രൂപീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
വ്യവസായ, മിനറല്‍ റിസോഴ്‌സസ് മന്ത്രിയായി ബന്ദര്‍ അല്‍ഖുറൈഫിനെ നിയമിച്ചു. ഡെപ്യൂട്ടി തൊഴില്‍, സാമൂഹിക വികസന മന്ത്രി പദവിയില്‍ നിന്ന് ഡോ. തമാദര്‍ ബിന്‍ത് യൂസുഫ് അല്‍റുമാഹിനെ ഒഴിവാക്കി. മാജിദ് അല്‍ഗാനിമി ആണ് പുതിയ ഡെപ്യൂട്ടി തൊഴില്‍, സാമൂഹിക വികസന മന്ത്രി.
റിയാദ് വികസന അതോറിറ്റിയെ റോയല്‍ കമ്മീഷനാക്കി മാറ്റി. റിയാദില്‍ നടപ്പാക്കുന്ന മുഴുവന്‍ വന്‍കിട പദ്ധതികളുടെയും ചുമതല റോയല്‍ കമ്മീഷനിലേക്ക് മാറ്റി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് റിയാദ് റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റ്. റിയാദ് ഗവര്‍ണര്‍, ആഭ്യന്തര മന്ത്രി, റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍, വാണിജ്യ, നിക്ഷേപ മന്ത്രി, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രി, പരിസ്ഥിതി, ജല, കൃഷി മന്ത്രി, ധനമന്ത്രി, കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഐ.ടി മന്ത്രി, ഗതാഗത മന്ത്രി, സാമ്പത്തിക, ആസൂത്രണ മന്ത്രി, വ്യവസായ മന്ത്രി, റിയാദ് മേയര്‍, സൗദി ഇലക്ട്രിസിറ്റി കമ്പനി ചെയര്‍മാന്‍, എന്‍ജിനീയര്‍ ഇബ്രാഹിം അല്‍സുല്‍ത്താന്‍ എന്നിവര്‍ റിയാദ് റോയല്‍ കോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ്.
റോയല്‍ കോര്‍ട്ട് പ്രസിഡന്റ് ആയി ഫഹദ് അല്‍ഈസയെ മന്ത്രി പദവിയോടെ നിയമിച്ചു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി ഡോ. ബന്ദര്‍ അല്‍ഈബാനെയും മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് ആയി ഡോ. അവാദ് അല്‍അവാദിനെയും ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി പ്രസിഡന്റ് ആയി മാസിന്‍ അല്‍കഹ്‌മോസിനെയും നിയമിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രസിഡന്റ് പദവിയില്‍ ഡോ. അബ്ദുല്ല ബിന്‍ ശറഫ് അല്‍ഗാംദിയെ നിയമിച്ചു.
റോയല്‍ കോര്‍ട്ട് വൈസ് പ്രസിഡന്റ് അഖ്‌ലാ ബിന്‍ അലി അല്‍അഖ്‌ലായെ പദവിയില്‍ നിന്ന് നീക്കി. ദേശീയ അഴിമതി വിരുദ്ധ അതോറിറ്റി പ്രസിഡന്റ് പദവിയില്‍ നിന്ന് ഡോ. ഖാലിദ് അല്‍മുഹൈസിനെയും ഒഴിവാക്കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ അതോറിറ്റി പ്രസിഡന്റ് പദവയില്‍ നിന്ന് ഡോ. ഖലീല്‍ അല്‍സഖഫിയെ നീക്കം ചെയ്തു.
സൗദി ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്ന പേരില്‍ പ്രത്യേക അതോറിറ്റി പുതുതായി സ്ഥാപിച്ചിട്ടുണ്ട്. നാഷണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്ററും നാഷണല്‍ ഡാറ്റാ മാനേജ്‌മെന്റ് ഓഫീസും പുതുതായി സ്ഥാപിച്ചിട്ടുണ്ട്. സൗദി ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിക്കു കീഴിലാണ് ഇരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുക.