അറാര്‍- സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറില്‍ ഇഖാമയും ജോലിയും ശമ്പളവമില്ലാതെ അറുപതിലധികം ഇന്ത്യന്‍ തൊഴിലാളികള്‍. ഒരു നേരത്തെ ഭക്ഷണത്തിന് പോലും കൈ നീട്ടേണ്ടി വരുന്ന അവസ്ഥയിലാണിവര്‍.
അല്‍കോബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലീനിംഗ് കമ്പനിയുടെ അറാര്‍ ബ്രാഞ്ചില്‍ ജോലി ചെയ്തിരുന്നവരാണ് തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യു.പി, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഈ തൊഴിലാളികള്‍. അറാറിലെ ക്ലീനിംഗ് ജോലിയുടെ ചുമതലയുണ്ടായിരുന്ന കമ്പനിയുടെ കരാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ മുനിസിപ്പാലിറ്റി ഇടപെട്ട് റദ്ദാക്കിയിരുന്നു. കൃത്യമായ ശമ്പളം നല്‍കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ജോലി ചെയ്യാതിരുന്നപ്പോഴാണ് അധികൃതര്‍ ഇടപെട്ടത്.
കമ്പനിയുടെ കരാര്‍ റദ്ദായതോടെ തൊഴിലാളികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. അഞ്ചും പത്തും വര്‍ഷം സര്‍വ്വീസുള്ള ഇവരില്‍ പലരും സ്വന്തം നാട് കണ്ടിട്ട് വര്‍ഷങ്ങളായി. മിക്കവരും രോഗികളും പ്രായമായവരുമാണ്.
കമ്പനി വാഹനത്തില്‍ മാലിന്യങ്ങള്‍ നീക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട് കൈപ്പത്തി പൂര്‍ണ്ണമായും നഷ്ടപ്പെട്ട തെലുങ്കാന സ്വദേശി സതീഷ്, പുറത്ത് ഭക്ഷണത്തിന് വേണ്ടി അന്വേഷിച്ചിറങ്ങിയപ്പോള്‍ അജ്ഞാത വാഹനം തട്ടി ഇരുകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ബിഹാര്‍ സ്വദേശി നയീം എന്നിവര്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍.
കമ്പനിയില്‍ ശമ്പള കുടിശ്ശികയും മറ്റാനുകൂല്യവും നേടി നാട്ടില്‍ പോകാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. എന്നാല്‍ പലരുടെയും ഇഖാമ രണ്ടും മൂന്നും വര്‍ഷം കാലാവധി കഴിഞ്ഞതാണ്.
പാസ്‌പോര്‍ട്ട് തൊഴിലാളികളുടെ കൈവശമുണ്ട്.
മലയാളികളടക്കം നൂറിലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും കുറേ പേര്‍ പല മാര്‍ഗങ്ങളിലൂടെ നാടണഞ്ഞു.
ഇപ്പോള്‍ അവശേഷിക്കുന്ന ഏക മലയാളി കമ്പനിയുടെ മെഡിക്കല്‍ വിഭാഗത്തിലെ സ്റ്റാഫ് നഴ്‌സ് കൊല്ലം മുഖത്തല സ്വദേശി സുധീഷാണ്. കമ്പനിയുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാനുണ്ടെങ്കിലും സ്വന്തം നിലയില്‍ ഇഖാമ പുതുക്കിയാണ് സുധീഷ് കഴിയുന്നത്. നിയമ വിധേയമായി എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യത്ത് ജോലി ലഭിക്കാതാവുമോ എന്ന ഭയമാണ് സുധീഷിന്. ഭാവിയെ ബാധിക്കുമെന്ന ഭയത്തിലാണ് പലരില്‍നിന്നും കടം വാങ്ങി സുധീഷ് ഇഖാമ പുതുക്കാന്‍ പണമടച്ചത്.
ഇഖാമ പുതുക്കിയതുകൊണ്ട് സുധീഷിന് വൈകാതെ എക്‌സിറ്റ് കിട്ടിയേക്കും. എന്നാല്‍ മറ്റുള്ളവരുടെ സ്ഥിതി അതല്ല.
ഇഖാമ ഇല്ലാത്തതിനാല്‍ പുറത്തിറങ്ങി മറ്റേതെങ്കിലും ജോലി ചെയ്ത് ചെലവിനുള്ള പണമെങ്കിലും കണ്ടെത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണവര്‍. ഇവര്‍ക്ക് ആരും ജോലി കൊടുക്കാന്‍ തയ്യാറാവുകയുമില്ല. ഒരു നേരത്തെ ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടിലാണവര്‍.
കമ്പനി അറാറിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും, മറ്റൊരു കമ്പനി ക്ലീനിംഗ് കരാര്‍ ഏറ്റെടുക്കുകയും ചെയ്തതോടെ നിലവിലുള്ള താമസ സൗകര്യം പോലും നഷ്ടപ്പെടുമെന്ന ഭയത്തിലാണ് തൊഴിലാളികള്‍.
പ്രശ്‌ന പരിഹാരത്തിന് പല മാര്‍ഗങ്ങളും തേടുന്നുണ്ട് തൊഴിലാളികള്‍. അറാര്‍ ഗവര്‍ണറേറ്റിനെ സമീപിച്ചതിനെ തുട
ര്‍ന്ന് തൊഴിലാളികളുടെ പരാതി തൊഴില്‍ വകുപ്പിലേക്ക് കൈമാറിയിട്ടുണ്ട്. തൊഴില്‍ വകുപ്പ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് അനുകുല തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണിപ്പോള്‍. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹായം കൂടിയുണ്ടെങ്കില്‍ നടപടികള്‍ വേഗത്തിലാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. എംബസി ഉദ്യോഗസ്ഥര്‍ അടിയന്തിരമായി ക്യാമ്പ് സന്ദര്‍ശിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
തൊഴിലാളികള്‍ക്ക് സഹായവുമായി അറാറിലെ മലയാളി സംഘടനകള്‍ രംഗത്തുണ്ട്. ലോക കേരള സഭ അംഗം കുഞ്ഞമ്മദ് കുരാച്ചുണ്ട്, അറാര്‍ പ്രവാസി സംഘം നേതാക്കളായ സുനില്‍ അജിയാദ്, അക്ബര്‍ അങ്ങാടിപ്പുറം, അയൂബ് തിരുവല്ല, ഗോപന്‍ നടുക്കാട്, സുനില്‍ അരീക്കോട്, റഷീദ് പരിയാരം, ബിനോയ്, സഹദേവന്‍, സോമരാജ്, അനില്‍ മാമ്പ്ര, ദേവന്‍, ജനാര്‍ദ്ദനന്‍ പാലക്കാട്, ബോബി കൈലാത്ത് എന്നിവര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിക്കുകയും വിശദാംശങ്ങള്‍ ശേഖരിക്കുകയും ചെയ്തു. തൊഴിലാളികള്‍ക്ക് അത്യാവശ്യമുള്ള ഭക്ഷണ സാധനങ്ങളും എത്തിച്ചു. എംബസി അധികൃതരുമായും അറാറിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് വരുന്നുണ്ട്.